Life
തെരഞ്ഞെടുപ്പ് കാലത്തെ സൗജന്യങ്ങൾ ആളുകളെ മടിയൻമാരാക്കുന്നു: സൗജന്യ റേഷനും പണവും ലഭിക്കുമ്പോൾ ജോലിക്ക് പോവാനുള്ള താത്പര്യം കുറയുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്ന രീതിയെ വിമർശിച്ച് സുപ്രീംകോടതി. എല്ലാം സൗജന്യമായി ലഭിക്കുന്നതിനാൽ ആളുകൾക്ക് ജോലിക്ക് പോവാനുള്ള താത്പര്യം കുറയുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നഗരപ്രദേശങ്ങളിലെ ഭവനരഹിതരുടെ അഭയാവകാശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഇത്തരമൊരു പരാമർശം നടത്തിയത്.
ആളുകൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നു, പണം ലഭിക്കുന്നു. നിർഭാഗ്യവശാൽ, ഈ സൗജന്യങ്ങൾ കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറല്ലാത്ത അവസ്ഥയിലേക്ക് എത്തുന്നു. ജനങ്ങളോടുള്ള രാഷ്ട്രീയ പാർട്ടികളുടെ കരുതലും താത്പര്യവും അഭിനന്ദനാർഹമാണ്. എന്നാൽ ജനങ്ങളെ മുഖ്യധാരയുടെ ഭാഗമാവാനും രാജ്യത്തിന്‍റെ വികസനത്തിൽ നിന്നും മാറിനിൽക്കാൻ അവസരമുണ്ടാക്കാതെ അതിൽ പങ്കാളികളാവാനും അനുവദിക്കുന്നതല്ലെ നല്ലതെന്ന് കോടതി ചോദിച്ചു.