Connect with us

KERALA

വയനാട്ടിൽ ഹർത്താൽ തുടങ്ങിഹർത്താലനുകൂലികളും പോലീസും തമ്മിൽ ഉന്തുംതള്ളും 

Published

on

കല്പറ്റ: വന്യമൃഗ ആക്രമണത്തിനിരയാകുന്ന മനുഷ്യജീവന് വിലനല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വ്യാഴാഴ്ച രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം, വ്യാഴാഴ്ച രാവിലെ ആറുമണിയോടെ തന്നെ ജില്ലാ അതിര്‍ത്തിയായ ലക്കിടിയില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കാന്‍ ശ്രമിച്ചത് പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു.

ലക്കിടിയില്‍ ജില്ലയിലേക്കുള്ള പ്രവേശനകവാടത്തിലാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞിട്ടത്. എന്നാല്‍, അല്പസമയത്തിനുള്ളില്‍ തന്നെ പോലീസ് പ്രവര്‍ത്തകരെ റോഡില്‍നിന്ന് മാറ്റാന്‍ശ്രമിച്ചു. ഇതോടെ പ്രകോപിതരായ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെയെല്ലാം പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ കടത്തിവിട്ടു.

രണ്ടുജീവനുകളാണ് കഴിഞ്ഞദിവസം പൊലിഞ്ഞത്. വയനാടന്‍ ജനത എന്താ രണ്ടാനമ്മയ്ക്കുണ്ടായ മക്കളാണോ? മുഖ്യമന്ത്രിക്ക് ജില്ലാ സമ്മേളനത്തിന് പോകാന്‍ സമയമുണ്ട്. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളായ ആ പാവങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ടോ. ഞങ്ങള്‍ ആരോട് പറയും. ഇങ്ങനെയല്ലേ പ്രതിഷേധിക്കാനാവൂ. പോലീസിനെ ഉപയോഗിച്ച് സമരം പൊളിക്കാനാണ് നീക്കം. സാധാരണ എല്ലാ ഹര്‍ത്താലിനും പത്തോ പതിനഞ്ചോ മിനിറ്റ് പിടിച്ചിട്ട് വാഹനങ്ങള്‍ വിടാറുണ്ട്. എന്നാല്‍, ഇന്ന് തുടക്കത്തിലേ സി.ഐ. വന്നിട്ട് ഞങ്ങളെ പിടിച്ചുവലിച്ചുകൊണ്ടുപോവുകയാണ്”, ഹര്‍ത്താലനുകൂലിയായ ആൾ പ്രതികരിച്ചു.

ഇതിനിടെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരോടും തട്ടിക്കയറി. ഇത് ഷോ അല്ലെന്നും നിങ്ങളാണ് സുരേഷ് ഗോപി കളിക്കുന്നതെന്നുമായിരുന്നു ഇയാള്‍ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകരെയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് മാറ്റി.പോലീസിനെ ഉപയോഗിച്ച് സമരം പൊളിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് ലക്കിടിയില്‍ പ്രതിഷേധവുമായെത്തിയ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആരോപിച്ചു.

അവശ്യസര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് പെരുന്നാള്‍ എന്നീ യാത്രകളെയും ഹര്‍ത്താലില്‍നിന്നൊഴിവാക്കിയതായി യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പും കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Continue Reading