Connect with us

Crime

ഷാരോൺ വധക്കേസ് ശിക്ഷാവിധി തിങ്കളാഴ്ച; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

Published

on

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി മറ്റന്നാളത്തേക്ക് മാറ്റി. ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചതെങ്കിലും കോടതി മാറ്റിവയ്ക്കുകയായിരുന്നു. കോടതിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിലുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്നും പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കുറ്റകൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകൾ നടത്തി. കൊലപാതകം അവിചാരിതമല്ല, മുൻകൂട്ടി നിശ്ചയിച്ചതാണ്. വിദ്യാസമ്പന്നയായ ഒരു യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിന്റെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല, അതുകൊണ്ട് ഒരു ദയയും പ്രതി അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കഴിഞ്ഞ ദിവസമാണ് ഷാരോൺ വധക്കേസിൽ ആസൂത്രണത്തോടെ ഗ്രീഷ്മ കാമുകനെ വകവരുത്തിയതാണെന്ന് കോടതി കണ്ടെത്തിയത്. സൂത്രധാരനും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മലകുമാരൻ നായരും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.

പാറശ്ശാല മുര്യങ്കര ജെ.പി ഹൗസിൽ ഷാരോൺ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ തെളിഞ്ഞെന്ന് ജഡ്ജി എഎം ബഷീർ പറഞ്ഞു.
സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്ന് കണ്ടാണ് ഷാരോണിനെ വധിക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്. ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് അമ്മയും അമ്മാവനും ഒത്താശ ചെയ്‌തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കളനാശിനി ഗ്രീഷ്മയ്ക്കു വാങ്ങി നൽകിയത് നിർമലകുമാരൻ നായരാണ്.

Continue Reading