Connect with us

Crime

ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍

Published

on

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധിയിലുള്ള വാദം തുടങ്ങി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം പുരോഗമിക്കുന്നത്. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ, മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇവർക്കുള്ള ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായുള്ള വാദമാണ് കോടതിയിൽ നടക്കുന്നത്,

രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീര്‍ ഗ്രീഷ്മയോട് ചോദിച്ചു. ഇതോടെ പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയുംചെയ്തു.
പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.

അതേസമയം, ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം. ഒരു ചെറുപ്പക്കാരനെ അല്ല, സ്‌നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ ചിന്തയാണ്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം നടത്തിയത്.

11 ദിവസത്തോളം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാല്‍ പ്രതി  ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.


Continue Reading