Crime
നഗ്നതാ പ്രദർശനം നടത്തിയതിൽ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞു വിനായകൻ

കൊച്ചി: നടൻ വിനായകൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യം പറയുന്നതിന്റെയും നഗ്നതാ പ്രദർശനം നടത്തുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അയൽവാസികളോടെ അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് നടന്റെ പ്രതികരണം. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായ എല്ലാ നെഗറ്റീവ് എനർജിക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു.ചർച്ചകൾ തുടരട്ടെ…
നേരത്തെയും പല തവണ വിനായകൻ വിവാദങ്ങളിൽ പെട്ടിരുന്നു. ഫ്ലാറ്റിന് പുറത്തുനിന്ന് വിനായകൻ അസഭ്യ വർഷം നടത്തുന്ന വീഡിയോകൾ മുൻപും പുറത്തുവന്നിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വിനായകനെ സി.ഐ.എസ്.എഫ് കസ്റ്റിഡിയിലെടുത്ത് പൊലീസിന് കൈമാറിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിലും വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സംഭവം ഏറെ വിവാദമായിരുന്നു.