KERALA
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശി തനിക്കില്ലെന്ന് കെ.സുധാകരന്‍. ആര്‍ക്കും ഏത് പ്രസിഡന്റിനേയും വെക്കാം. ആ പ്രസിഡന്റിന് എൻ്റ സഹകരണം ഉണ്ടാകും .

കണ്ണൂര്‍: കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശി തനിക്കില്ലെന്ന് കെ.സുധാകരന്‍. തനിക്ക് ഇതൊരു ആഢംബരമോ അലങ്കാരമോ അല്ല. ആര്‍ക്കും ഏത് പ്രസിഡന്റിനേയും വെക്കാം. ആ പ്രസിഡന്റിന് എൻ്റ സഹകരണം ഉണ്ടാകും . പാര്‍ട്ടില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അത്തരം ചര്‍ച്ചകള്‍ക്ക് ആരും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം വലിയ സ്വപ്‌നമല്ല. മുഖ്യമന്ത്രി സ്ഥാനം പോലും സ്വപ്‌നമല്ല. ഞാന്‍ അതിനൊന്നും ശഠിക്കാന്‍ പോകുന്നില്ല. എന്റെ രാഷ്ട്രീയം സിപിഎമ്മിനെതിരായ കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. ആറ് വയസുമുതല്‍ സിപിഎമ്മിനെതിരേ പോരാടുന്നയാളാണ്. ആ പോരാട്ടം തുടരും. അതിന്റെ ഭാഗമായി പിണറായി വിജയനെ വീണ്ടും അധികാരത്തില്‍ എത്തിക്കാതിരിക്കുകയാണ് ലക്ഷ്യം.- സുധാകരന്‍ പറഞ്ഞു.
എല്ലാവര്‍ക്കും ആവശ്യമുണ്ടെങ്കില്‍ കെ.പി.സി.സി. പ്രസിഡന്റായി തുടരാന്‍ സമ്മതിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റായിയില്ലെങ്കില്‍ വായുവില്‍ പറന്നു പോകില്ല. ഞാന് ജനമനസിലുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുണ്ടാകും പക്ഷേ, മത്സരിക്കാന്‍ താല്പര്യമില്ല. നേതൃമാറ്റ ചര്‍ച്ച പാര്‍ട്ടിയില്‍ നടക്കുന്നില്ല. അങ്ങനെ ഒരു ചര്‍ച്ച വന്നാലും അതിന് ആരും എതിരല്ല. ന്യായാന്യായം നോക്കി യുക്തമായ തീരുമാനം കേന്ദ്ര നേതൃത്വത്തിന് എടുക്കാമെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയനും മകന്‍ ജിജേഷും ആത്മഹത്യചെയ്ത കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പോലീസ് ബോധ്യപ്പെടുത്തിയാല്‍ പോലീസിന്റെ നിര്‍ദേശം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ അതില്‍ രാഷ്ട്രീയമുണ്ട്. മനസാവാചാ കര്‍മണാ ഞാനുമായി ബന്ധമില്ലാത്ത ഒരു വിഷയത്തില്‍ എന്നെ കൂട്ടിക്കലര്‍ത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ അത് രാഷ്ട്രീയമാണ്. കേസ് ഒരുപാട് കേസ്‌നടത്തി ശീലമുള്ളയാളാണ്. അതുകൊണ്ട് അതിലൊന്നും എന്നെ പേടിപ്പിക്കാനും വിറപ്പിക്കാനും ആരും നോക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.