Connect with us

Crime

ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു.കൊല്ലം ദളവാപുരം സ്വദേശി ജോൺസൺ ഔസേപ്പ്

Published

on

തിരുവനന്തപുരം: കഠിനംകുളം സ്വദേശി ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. ചെല്ലാനം സ്വദേശി ജോൺസൺ ഔസേപ്പാണ് കൃത്യം നടത്തിയ പ്രതി. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ എന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു കഴിഞ്ഞിരുന്നു.
യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ. കൊല്ലത്തെ ഒരു സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. കൊല്ലം ദളവാപുരം സ്വദേശിയാണ് ജോൺസൺ ഔസേപ്പ്. ചെല്ലാനത്ത് നിന്നുള്ള യുവതിയെ വിവാഹം കഴിച്ച് അവിടെ താമസമാക്കിയതായിരുന്നു. മൂന്ന് വർഷമായി ഭാര്യയെ പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണ്.

ആതിരയുടെ ഭര്‍ത്താവ് രാജേഷ് പൂജാരിയായ അമ്പലത്തിന് തൊട്ടടുത്താണ് കൊലനടന്ന വീട്. ഈ വീട്ടിലേക്ക് പട്ടാപ്പകല്‍ ഒരാള്‍ വന്നുകയറിയത് ഭര്‍ത്താവ് അറിഞ്ഞിട്ടില്ല. ആതിരയുടെ മൃതദേഹം ആദ്യം കണ്ട് പൊലീസിനെ അറിയിച്ചതും ഭര്‍ത്താവാണ്. ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ പൊലീസ് ഇനിയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഭര്‍ത്താവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെയും ജോൺസനെ കണ്ടെത്തുന്നതിലൂടെയും കേസിൽ വ്യക്തത വരും.സൗഹൃദം മറ്റൊരു തലത്തിലേക്ക് കടന്നതോടെ ആതിരയെ പലതവണ സുഹൃത്ത് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവാഹമോചിതനായ ഇയാള്‍ക്കൊപ്പം ഇറങ്ങിച്ചെല്ലണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. കൊലയില്‍ കലാശിച്ചതും ഇതേ ഭീഷണിയും തര്‍ക്കവുമാണെന്നാണ് പൊലീസിന്റെ നിഗമനം.

കൊലയ്ക്ക് ശേഷം പ്രതി കൊണ്ടുപോയ ആതിരയുടെ സ്കൂട്ടർ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് നേരത്തേ കണ്ടെത്തി. അതിനാല്‍ പ്രതി ട്രയിന്‍ കയറി പോയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഈ സുഹൃത്തിനെക്കുറിച്ച് ഏഴ് മാസം മുമ്പ് ആതിര പറഞ്ഞിരുന്നതായും ഭര്‍ത്താവ് പറയുന്നുണ്ട്. എന്നിട്ടും ഭര്‍ത്താവ് ആ സുഹൃത്തിനെക്കുറിച്ചോ ബന്ധത്തെക്കുറിച്ചോ കൂടുതല്‍ അന്വേഷിച്ചിട്ടില്ല. ഈ സുഹൃത്തിന്റെ പേരോ അഡ്രസോ ഒന്നും തന്നെ രാജേഷ് അന്വേഷിച്ചിട്ടില്ലെന്നതും പൊലീസിനെ കുഴക്കുകയാണ്.

Continue Reading