KERALA
നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഡി ജി പി പുറത്തിറക്കി. പൊലീസിനെതിരെ ആരോപണമുളളതിനാൽ മറ്റൊരു ഏജൻസി അന്വേഷിക്കണമെന്ന റൂറൽ എസ് പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പശ്‌ചാത്തലത്തിലാണ് നടപടി.
ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യമടക്കം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.
അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട് കോളനിയിൽ രാജൻ, ഭാര്യ അമ്പിളി എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഗുരുതരമായി പൊളളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇരുവരും. രാജൻ ഞായറാഴ്‌ച രാത്രിയും അമ്പിളി തിങ്കളാഴ്‌ച രാത്രിയുമാണ് മരിച്ചത്.വീട് ഒഴിപ്പിക്കാനുളള പൊലീസിന്റെ തിടുക്കമാണ് മരണത്തിന് കാരണമായതെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രഞ്ജിത്തും രാഹുലും ആരോപിച്ചിരുന്നു. താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നില്ലെന്നും, പൊലീസുകാരൻ തീ തട്ടി ദേഹത്തേക്ക് ഇടുകയായിരുന്നു എന്നും മരിക്കുന്നതിന് മുമ്പ് രാജൻ മൊഴി നൽകിയിരുന്നു.