Crime
നഞ്ചക്കു ഉപയോഗിച്ചായിരുന്നു തലക്ക് മർദ്ദിച്ചത്.പൊതു പരീക്ഷക്ക് തയാറെടുക്കുന്നതിനെ എത്തിയ മരണം സഹപാഠികളെ ഞെട്ടിച്ചു

കോഴിക്കോട് : വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് മരിച്ചതറിഞ്ഞ ഷോക്കിൽ സഹപാഠികൾ. ഒപ്പം പൊതുപരീക്ഷ എഴുതാൻ തയാറെടുക്കവെയാണു സുഹൃത്ത് മാർച്ചിലെ ആദ്യ പുലരിയിൽ തന്നെ മരണത്തിനു കീഴടങ്ങിയെന്ന വാർത്തയെത്തുന്നത്.
ട്യൂഷൻ സെന്ററിൽ ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കത്തിനുശേഷം സമൂഹമാധ്യമത്തിലൂടെ വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണു വ്യാഴാഴ്ച വൈകുന്നേരമുണ്ടായ സംഘർഷം. ട്യൂഷൻ സെന്ററിലെ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം ആറരയോടെയാണ് താമരശേരി-വെഴുപ്പൂർ റോഡിലെ ചായക്കടയ്ക്കു സമീപത്തു സംഘർഷമുണ്ടായത്. തമ്മിൽത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട് റോഡിനു സമീപത്തുവച്ചും ചേരിതിരിഞ്ഞ് വിദ്യാർത്ഥികൾ അടിച്ചു.
സംഘർഷത്തിനിടെ മർദനമേറ്റ് മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരുക്കേറ്റു. നഞ്ചക്കു ഉപയോഗിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർഥികൾ പൊലീസിനു മൊഴി നൽകിയത്.വിദ്യാർഥികൾ കൂടാതെ പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് ഷഹബാസിന്റെ ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. ഷഹബാസിന്റെ പിതാവും ഇന്നലെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
തലയ്ക്ക് ക്ഷതമേറ്റെങ്കിലും പുറമേ കാര്യമായ മുറിവില്ലാത്തതിനാൽ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ ഏതാനും സുഹൃത്തുക്കൾ ചേർന്ന് വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തി അൽപം കഴിഞ്ഞപ്പോൾ ഷഹബാസ് ഛർദിക്കുകയും തളരുകയും ചെയ്തു. ആരെങ്കിലും ലഹരിവസ്തുക്കൾ നൽകിയതാണോയെന്നു സംശയം തോന്നി വീട്ടുകാർ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോഴാണ് സംഘർഷത്തെപ്പറ്റി അറിഞ്ഞത്.
വ്യാഴാഴ്ച രാത്രി താമരശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് അതിതീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റി. ഷഹബാസിന് തലച്ചോറിൽ ആന്തരിക രക്തസ്രാവവും ചെവിക്കു സമീപം എല്ലിനു പൊട്ടലുമുണ്ടായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഷഹബാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരവേയാണു ഇന്ന് പുലർച്ചെ മരിച്ചത്.