Crime
എന്റെ മകന്‍ ഇന്ന് അണിഞ്ഞൊരുങ്ങി പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു. അവരെ പരീക്ഷയെഴുതിക്കും എന്നറിഞ്ഞതോടെ ഞങ്ങള്‍ തകര്‍ന്നുപോയി. പ്രതിഷേധവുമായ് സംഘടനകൾ : പ്രതികൾ പരീക്ഷയെഴുതി

താമരശ്ശേരി: തന്റെ മകനെ കൊലപ്പെടുത്തിയവരെ പരീക്ഷയെഴുതാനായി ഈ സര്‍ക്കാര്‍ സമ്മതിക്കില്ലെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് ഇന്നലത്തോടെ നഷ്ടപ്പെട്ടെന്നും കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇക്ബാല്‍. താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഷഹബാസിനെ ആക്രമിച്ച വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ സമ്മതിച്ച നടപടി ശരിയായില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്റെ മകന്‍ ഇന്ന് അണിഞ്ഞൊരുങ്ങി പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു. അവരെ പരീക്ഷയെഴുതിക്കും എന്നറിഞ്ഞതോടെ ഞങ്ങള്‍ തകര്‍ന്നുപോയി. നീതി പീഠത്തില്‍ ഇന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. സാധാരണ ഗതിയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ കോപ്പിയടിച്ചാല്‍ അടക്കം മാറ്റി നിര്‍ത്താറാണ് പതിവ്. എന്നിട്ടും കൊലപാതികയായ ആള്‍ക്കാരെ പരീക്ഷയെഴുതിക്കുന്നത് വിഷമം ഉണ്ടാക്കുന്നു.- ഇക്ബാല്‍ പറയുന്നു
സര്‍ക്കാരിന്റെ ഇത്തരം നടപടി കുട്ടികള്‍ക്ക് ഇതുപോലയുള്ള ക്രൂരത ചെയ്യാനുള്ള പ്രചോദനമാണെന്നും ഇക്ബാല്‍ പറയുന്നു. ഇന്ന് ചെറിയ ആയുധം കൊണ്ട് വന്ന് ഈ ക്രൂരത കാണിച്ചവര്‍ നാളെ തോക്ക് കൊണ്ട് വന്ന് സഹപാഠികളെ വെടിവെയ്ക്കില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്നും രോക്ഷത്തോടെ ഇക്ബാല്‍ ചോദിക്കുന്നു.
ഈ വര്‍ഷം അവരെ പരീക്ഷയെഴുതുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തി അടുത്ത വര്‍ഷം പരീക്ഷയെഴുതാന്‍ അനുവദിച്ചാലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ലായിരുന്നു. സര്‍ക്കാര്‍ അങ്ങനെയൊരു നടപടിയെടുത്തിരുന്നുവെങ്കില്‍ ഇത്തരം ക്രൂരതകള്‍ ചെയ്താല്‍ മുന്നോട്ട് പോവാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നത് ബാക്കിയുള്ളവര്‍ക്കും ഒരു പാഠമായേനെ. ആര് എന്ത് ചെയ്താലും നീതി പീഠവും സര്‍ക്കാരും കുറ്റം ചെയ്തവര്‍ക്കൊപ്പമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. സര്‍ക്കാരും നീതി പീഠവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുറ്റം ചെയ്തവര്‍ക്ക് പരാമാവധി ശിക്ഷ നല്‍കണം.15 വയസില്‍ കുറ്റ കൃത്യം ചെയ്താല്‍ മുതിര്‍ന്ന വ്യക്തികള്‍ ചെയ്ത കുറ്റകൃത്യമായി കണക്കാക്കണമെന്നാണ് എന്റെ അഭിപ്രായമെന്നും ഇക്ബാല്‍ കൂട്ടിച്ചേർത്തു
അതിനിടെ ഷഹബാസ് കൊലക്കേസ് പ്രതികൾക്കെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ. പ്രതികളായ വിദ്യാർഥികൾക്കു വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിനുള്ളിൽ തന്നെ എസ്എസ്എസ്എൽസി പരീക്ഷ എഴുതാൻ പൊലീസ് സാഹചര്യമൊരുക്കി. താമരശ്ശേരി സ്കൂളിൽ എത്തിച്ച് വിദ്യാർഥികളെ പരീക്ഷ എഴുതിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. താമരശ്ശേരിയിലേക്കു കൊണ്ടുചെന്നാൽ ഒരുകാരണവശാലും പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്നു കെഎസ്‌യുവും യൂത്ത് കോൺഗ്രസും നിലപാടെടുത്തു.
വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിനടുത്തുള്ള സ്കൂളുകളിൽ പരീക്ഷ എഴുതിക്കാനായിരുന്നു നീക്കം. എന്നാൽ മറ്റു വിദ്യാർഥികളുടെ കൂടെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നറിയിച്ച് കെഎസ്‌യു രംഗത്തെത്തി. രാവിലെ തന്നെ കെഎസ്‌യു പ്രവർത്തകർ ജുവനൈൽ ഹോമിനടുത്തേക്കു പ്രതിേഷധവുമായി എത്തി. ഇവരെ പൊലീസ് തടഞ്ഞതോടെ സംഘർഷമുണ്ടായി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ യൂത്ത് കോൺഗ്രസും എംഎസ്എഫും പ്രതിഷേധവുമായി എത്തി.
പ്രവർത്തകർ ജുവനൈൽ ഹോം പരിസരത്തേക്കു കടന്നു. പൊലീസും പ്രവർത്തകരും തമ്മിൽ സംഘട്ടനമുണ്ടായി. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ ചോദ്യക്കടലാസ് ഉൾപ്പെടെ ജുവനൈൽ ഹോമിലേക്ക് എത്തിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ്. കുറ്റവാളികളെ സംരക്ഷിക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്നാരോപിച്ചാണ് കെഎസ്എയു, എംഎസ്എഫ് പ്രവർത്തകർ എത്തിയത്. ‘ഷഹബാസ് എഴുതേണ്ട പരീക്ഷയാണ്. അവനെ ഇല്ലാതാക്കിയിട്ട് ഇവർ പരീക്ഷ എഴുതേണ്ട’ എന്നാണു പ്രതിഷേധക്കാർ പറഞ്ഞത്.
എളേറ്റിൽ വട്ടോളി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് ശനിയാഴ്ചയാണു മരിച്ചത്. വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഷഹബാസിന്റെ തലയ്‌ക്കേറ്റ മാരക പരുക്കാണ് മരണകാരണം. ഇതോടെയാണു പ്രതികളായ 5 വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡ്, ജുവനൈൽ ഹോമിലേക്കു മാറ്റിയത്. പരീക്ഷ എഴുതാനുള്ള അനുമതിയും നൽകി. താമരശ്ശേരി സ്കൂളിൽ പരീക്ഷ എഴുതിക്കാനായിരുന്നു പൊലീസ് നീക്കം. ഇതിനെതിരെ വലിയ പ്രതിഷേധമുണ്ടാകുമെന്ന് അറിഞ്ഞതോടെയാണ് പരീക്ഷാകേന്ദ്രം മാറ്റിയത്. വിദ്യാർഥികളെ ജുവനൈൽ ഹോമിൽനിന്ന് പുറത്തിറക്കാൻ സാധിക്കാത്ത സാഹചര്യം വന്നതോടെ അവിടെ തന്നെ പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു.