Crime
പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയെടുത്ത് വിഘടനവാദി സംഘടന:ട്രെയിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും യാത്രക്കാരെ ബന്ദികളാക്കിയെന്നുമാണ് വിഘടനവാദികളുടെ അവകാശവാദം

ഇസ്ലാമാബാദ്: പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയെടുത്ത് വിഘടനവാദി സംഘടനയായ ദി ബലൂച്ച് ലിബറേഷന്‍ ആര്‍മി. പാകിസ്താനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വെറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ആണ് വിഘടനവാദികള്‍ കയ്യടക്കിയത്.
ഒമ്പത് ബോഗികളും 400 യാത്രക്കാരുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ട്രെയിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും യാത്രക്കാരെ ബന്ദികളാക്കിയെന്നുമാണ് വിഘടനവാദികള്‍ അവകാശപ്പെടുന്നത്.
യാത്രക്കിടയില്‍ ഒരു തുരങ്കത്തിനടുത്തുവെച്ച് ആയുധധാരികളായ ആളുകള്‍ ട്രെയിന്‍ തടയുകയായിരുന്നു. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് പാകിസ്താന്‍ മാധ്യമങ്ങളില്‍നിന്നുള്ള വിവരം. ട്രെയിനിന് നേരെ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ആളപായം ഉണ്ടോയെന്ന് വ്യക്തമല്ല.
ബലൂചിസ്ഥാന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര സേവനങ്ങള്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണ്. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീര്‍ണമായ ഭൂപ്രദേശമായതിനാല്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. പാകിസ്താനില്‍ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ ഏറെ നാളായി പോരാട്ടത്തിലാണ് ‘