Connect with us

Crime

പാതിവില തട്ടിപ്പ്: ആനന്ദകുമാർ പോലീസ് കസ്റ്റഡിയിൽ :മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

Published

on

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ആനന്ദകുമാറിനെതിരെ കണ്ണൂര്‍ സിറ്റി പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. തിങ്കളാഴ്ചയായിരുന്നു ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദംകേട്ടത്. ആനന്ദകുമാറിനെതിരെ തിരുവനന്തപുരത്തും കേസുകളും പരാതികളും നിലനില്‍ക്കുന്നുണ്ട്.

ഏത് കേസില്‍ ആദ്യം അറസ്റ്റ് രേഖപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണത്തിനായി എറണാകുളം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.

തിങ്കളാഴ്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തനിക്ക് പാതിവില തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ട്രസ്റ്റിലേക്കാണ് തുക എത്തിയതെന്നും ഒരു തുകപോലും താന്‍ എടുത്തിട്ടില്ലെന്നുമുള്ള വാദമാണ് ആനന്ദകുമാര്‍ മുന്നോട്ട് വെച്ചത്.

എന്നാല്‍, തട്ടിപ്പിനേക്കുറിച്ച് മുന്‍കൂട്ടി എല്ലാ അറിവും ആനന്ദകുമാറിനുണ്ടായിരുന്നു എന്നാണ് പോലീസ് വാദിച്ചത്. പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് നാല് തവണയാണ് ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി കോടതി മാറ്റിയത്. പിന്നീട് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു.

Continue Reading