KERALA
കിലോ മീറ്റുകൾ നീണ്ട് പൊങ്കാല അടുപ്പുകൾ :തമിഴ്നാട്, കർണ്ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ എത്തി

തിരുവനന്തപുരം: അനന്തപുരി അമ്മയുടെ തിരുമുറ്റമായി. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് സ്ത്രീ ലക്ഷങ്ങൾ. രാവിലെ 10.15ന് പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ദേവീചൈതന്യം അഗ്നിനാളമായി നാടാകെ നിറഞ്ഞു. അകലങ്ങളിൽ നിന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയ പതിനായിരങ്ങൾക്ക് അകലമില്ലാത്ത മനസുമായി തലസ്ഥാനം ആതിഥ്യമരുളുകയാണ്
ദിവസങ്ങൾക്കുമുമ്പുതന്നെ ആറ്റുകാലും പരിസരങ്ങളും ഭക്തജന നിബിഡമായിരുന്നു. ക്ഷേത്രത്തിൽ നിന്ന് കിലോമീറ്ററുകൾ അകലേക്കുവരെ പൊങ്കാല അടുപ്പുകൾ നിരന്നു. കത്തുന്ന കുംഭച്ചൂടിനെ അവഗണിച്ചാണ് ഭക്തർ പൊങ്കാലർപ്പിക്കുന്നത്. സ്വകാര്യ വാഹനങ്ങളിലും ബസിലും ട്രെയിനിലുമായെത്തിയ അന്യജില്ലക്കാർ ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളും ഇടവഴികളും കൈയടക്കി. തമിഴ്നാട്, കർണ്ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ എത്തിയിട്ടുണ്ട്. ഒപ്പം വിദേശികളും.നഗരത്തിലെ പ്രധാന റോഡുകൾക്കൊപ്പം ഇടറോഡുകളും വീട്ടുമുറ്റങ്ങളും പൊങ്കാലക്കലങ്ങൾ നിറഞ്ഞിരിക്കുകയാണ്.ഉച്ചയ്ക്ക് 1.15നാണ് നിവേദ്യം. 300ലേറെ ശാന്തിക്കാർ തീർത്ഥം തളിക്കാൻ അണിനിരക്കും. നിവേദ്യ സമയത്ത് സെസ്ന വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടിയുണ്ടാവും.പൊങ്കാലയോടനുബന്ധിച്ച് വലിയ രീതിയിലുളള സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുളളത്.ഹരിത ചട്ടങ്ങൾ പൂർണമായും പാലിക്കണമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉൽപാദനത്തിന് കാരണവുമാകുന്ന ഉൽപന്നങ്ങൾ ഒഴിവാക്കുന്നതിനും പകരം സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീൽ പാത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനും ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും മേയർ ആവശ്യപ്പെട്ടിട്ടുണ്ട്.