Crime
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട.മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും പോലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തി

കൊച്ചി: കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ കഴിഞ്ഞദിവസം രാത്രി നടന്ന റെയ്ഡിൽ വൻ കഞ്ചാവ് വേട്ട. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് കളമശ്ശേരി പോലീസും ഡാന്‍സാഫ് ടീമും ചേർന്ന് കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിലെ ഷെൽഫിൽ പോളിത്തീൻ ബാഗിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും പോലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തി.
ഹോളി ആഘോഷത്തിനായി വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്കെത്തിയത്. രാത്രി ഒൻപത് മണിയോടെ ആരംഭിച്ച മിന്നൽ പരിശോധന പുലർച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. പോലീസ് നടത്തിയ പരിശോധനക്കിടെ കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും പിടികൂടി.
കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ കഞ്ചാവും ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയിൽനിന്ന് ഒൻപത് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. മൂന്ന് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മൂന്ന് ആൺകുട്ടികൾ ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഇത്രയേറെ കഞ്ചാവ് കോളേജ് ഹോസ്റ്റലിൽ ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് എസിപി മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് എത്തിച്ച ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയാണെന്നും എസ് പി കൂട്ടിച്ചേർത്തു