Crime
ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥി പിടിയിൽ ചോദ്യംചെയ്യൽ പുരോഗമിക്കുന്നു,

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കേളേജിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലിലെ പരിശോധനയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്ന് കരുതുന്ന ആലുവ സ്വദേശിയായ ആഷികാണ് പിടിയിലായത്. പോളിടെക്‌നിക്കില്‍നിന്ന് സെമസ്റ്റര്‍ ഔട്ടായ വിദ്യാര്‍ഥിയാണ് ആഷിക്.
ശനിയാഴ്ച രാത്രിയാണ് പോലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആഷിക്കിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന് പോലീസ് അന്വേഷിക്കും. സെമസ്റ്റര്‍ ഔട്ടായ ശേഷവും ഇയാള്‍ നിരന്തരം ഹോസ്റ്റലില്‍ എത്തിയിരുന്നുവെന്നാണ് വിവരം.
ഇയാള്‍ ലഹരിവിതരണക്കാരനാണോ, സ്ഥിരമായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന ആളാണോ, എവിടെനിന്ന് കഞ്ചാവ് ലഭിച്ചു എന്നീ കാര്യങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുക. പൂര്‍വവിദ്യാര്‍ഥിയാണ് കഞ്ചാവ് എത്തിച്ചത് എന്ന വിവരം നേരത്തേ പോലീസിന് ലഭിച്ചിരുന്നു. ഇയാളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ അയാളിലേക്ക് എത്താന്‍ കഴിയുമെന്നും കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷമാണ് നടത്തുക. ഇതിലൂടെ ലഹരി വില്‍പ്പന നടത്തുന്നവരിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്.
ഹോളി ആഘോഷത്തോട് അനുബന്ധിച്ച് 500 രൂപ മുതലാണ് ലഹരിവില്‍പ്പന നടത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകളില്‍ പരിശോധന നടത്തുന്നത്. ഇതിന് പുറമേ ഫോണ്‍ രേഖകളും പരിശോധിക്കും. കേസില്‍ സംശയമുള്ള ആളുകളെ വിശദമായി പരിശോധിക്കും. അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തി ചോദ്യംചെയ്യും