KERALA
സര്‍ക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞ് ഗവര്‍ണര്‍, പ്രതിപക്ഷം ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. കേന്ദ്രസർക്കാരിനെതിരെയുള്ള ഭാഗങ്ങളടക്കം വായിച്ചും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞുമാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. സർക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു
സഭ ആരംഭിച്ചത് മുതൽ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാർഡും ഉയർത്തിയാണ് പ്രതിഷേധം. ഗവർണർ പ്രസംഗിക്കുമ്പോൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവർണർ നീരസം പ്രകടിപ്പിച്ചു. കടമ നിർവഹിക്കാൻ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ പ്രസംഗം തുടർന്നുകൊണ്ടിരിക്കെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. സഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം, പ്രതിപക്ഷത്തിന് പിന്നാലെ പി.സിജോർജും സഭയിൽ നിന്നിറങ്ങിപ്പോയി. ബിജെപി എംഎൽഎ ഒ.രാജഗോപാൽ സഭയിൽ തുടർന്നു.