Crime
ഗാസയിലെ നസേർ ആശുപത്രിയിൽ ഇസ്രയേൽ ബോംബാക്രമണംഹമാസ് പോളിറ്റ്‌ബ്യൂറോ അംഗം ഇസ്‌മായിൽ ബർഹോ വധിക്കപ്പെട്ടു

റാഫ: ആശുപത്രിയിൽ ബോംബിട്ട് ഹമാസ് നേതാവിനെ വധിച്ച് ഇസ്രയേൽ. ഗാസയിലെ നസേർ ആശുപത്രിയിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഹമാസ് പോളിറ്റ്‌ബ്യൂറോ അംഗമായ ഇസ്‌മായിൽ ബർഹോമാണ് വധിക്കപ്പെട്ടത്. സംഭവം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് തീവ്രവാദികളെ ലക്ഷ്യമാക്കിയായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേലും വ്യക്തമാക്കി. വധിച്ചയാൾ ഹമാസിന്റെ പ്രധാന തീവ്രവാദിയായിരുന്നെന്നും അവർ അറിയിച്ചു.
ചൊവ്വാഴ്‌ച ഖാൻ യൂനിസിൽ വച്ചുണ്ടായ വ്യോമാക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ഇസ്‌മായിൽ നസേർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇസ്‌മായിൽ ബർഹോമിന്റെ വീട് ലക്ഷ്യമാക്കിയായിരുന്നു അന്ന് വ്യോമാക്രമണം നടന്നത്. ഇതിന് പിന്നാലെയാണ് ഞായറാഴ്‌ച ആശുപത്രി ആക്രമിച്ച് ഇസ്രയേൽ, ഹമാസ് നേതാവിനെ വധിച്ചത്.അഞ്ചോളം പേർ ഈ ആക്രമണത്തിൽ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റടക്കം പരിക്ക് പറ്റിയെന്നും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
നാല് നിലകളുള്ള ആശുപത്രിയിൽ ഇസ്‌മായിൽ ബർഹോം ചികിത്സയിലിരുന്ന ഭാഗം മാത്രമാണ് ഇസ്രയേൽ തകർത്തത്. ഇവിടെ തീയാളുന്ന ചിത്രങ്ങൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണത്തിൽ ചൊവ്വാഴ്‌ച മുതൽ ഇന്നലെ വരെ മരിക്കുന്ന ഹമാസിന്റെ നാലാമത് പോളിറ്റ്‌ബ്യൂറോ അംഗമാണ് ഇസ്‌മായിൽ. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് കൃത്യമായ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു.