Crime
തൃശൂർ പൂരം കലക്കലിൽ മന്ത്രി കെ രാജന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം.

തൃശൂർ: പൂരം കലക്കലിൽ റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം. പൂരം നടക്കുമ്പോൾ മന്ത്രി തൃശൂരിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസിന് വീഴ്‌ചയുണ്ടായതായി കെ രാജൻ മുൻപ് പറഞ്ഞിരുന്നു. എഡിജിപി എം ആർ അജിത്ത് കുമാറിന്റെ വീഴ്‌ചയുമായി ബന്ധപ്പെട്ട് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്.അതേസമയം, നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴിയെടുക്കാനുള്ള സമയം നൽകാം എന്നാണ് മന്ത്രി അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. സമ്മേളനം വരെ തിരക്കിലാണ് എന്നാണ് മന്ത്രി അറിയിച്ചത്. ഇന്നാണ് സമ്മേളനം അവസാനിക്കുന്നത്.
മന്ത്രിയുടെ മൊഴിയെടുത്തതിനുശേഷം എം ആർ അജിത്ത് കുമാറിന്റെ മൊഴിയെടുക്കും.തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എഡിജിപിയുടെ വീഴ്‌ച സംബന്ധിച്ചുള്ള അന്വേഷണം, പൂരം കലക്കലിലെ ഗൂഢാലോചന സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം, പൊലീസ് ഒഴികെ മറ്റ് വകുപ്പുകളുടെ അന്വേഷണം സംബന്ധിച്ച് അന്നത്തെ ഇന്റലിജൻസ് എഡിജിപിയായിരുന്ന മനോജ് എബ്രഹാമിന്റെ അന്വേഷണം എന്നിവയാണിത്. മനോജ് എബ്രഹാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.
മറ്റ് രണ്ട് അന്വേഷണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പൂരം കലക്കലിൽ പൊലീസ് ഒഴിച്ച് മറ്റ് വകുപ്പുകളെക്കുറിച്ച് പരാതി ഉയർന്നിട്ടില്ല. എന്നിട്ടും അന്വേഷണം പ്രഖ്യാപിച്ചത് എല്ലാവരെയും സംശയമുനയിലാക്കി കുറ്റക്കാരെ രക്ഷപെടുത്താനാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.ഡിജിപിയുടെ ആദ്യ അന്വേഷണത്തിൽ തൃശൂർ പൂരം നടത്തിപ്പ് ചുമതല ജില്ലാ ഭരണകൂടത്തിനും ജില്ലാ പൊലീസിനുമാണെന്നാണ് അജിത്ത് കുമാർ മൊഴി നൽകിയത്. ‘ജനക്കൂട്ടത്തെ നിയന്ത്രിക്കുകയാണ് പൊലീസിന്റെ ചുമതല. ഹൈക്കോടതി മാർഗനിർദ്ദേശപ്രകാരവും സർക്കാരിന്റെ പ്രോട്ടോക്കോൾ പ്രകാരവുമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ഇവ നിയമവിരുദ്ധമായി മറികടക്കുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. ജില്ലാ ഭരണകൂടവും ഇത് അനുവദിച്ചില്ല. മാർഗരേഖ ശക്തമായി നടപ്പാക്കാൻ തീരുമാനിച്ചു. അതിനായി പൊലീസ് സമഗ്രമായ പദ്ധതിയുണ്ടാക്കി. ഒരു ദേവസ്വത്തിലെ ആളുകൾ മനഃപൂർവ്വം പൊലീസിന് പ്രശ്നങ്ങൾ സൃഷ്ടിച്ചു- എന്നായിരുന്നു എഡിജിപി എം ആർ അജിത്ത് കുമാർ മൊഴി നൽകിയത്.