KERALA
ഐബി ഉദ്യോഗസ്ഥയുടെ മരണം; വിശദമായ അന്വേഷണം വേണമെന്ന് കുടുംബം

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പേട്ട പൊലീസിനും ഐബിക്കും പരാതി നൽകി.
പ്രണയനൈരാശ്യമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഐബിയിലെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഈ ബന്ധത്തെക്കുറിച്ച് മേഘ വീട്ടുകാരോട് പറഞ്ഞിരുന്നു. ആദ്യം വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് ഐബി ഉദ്യോഗസ്ഥൻ ബന്ധത്തിൽ നിന്ന് പിന്മാറി.പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ മേഘയാണ് (25) മരിച്ചത്.
പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കിൽ ഇന്നലെ രാവിലെ 9.15നാണ് മൃതദേഹം കണ്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേട്ട പൊലീസെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഒഫ് സിവിൽ ഏവിയേഷന്റെ ഐ.ഡി കാർഡ് കണ്ടത്തിയതിനെ തുടർന്നാണ് ആളെ തിരിച്ചറിഞ്ഞത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌പ്രസാണ് ഇടിച്ചത്.ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരം.സംഭവ സമയം ആരോടാണ് ഫോണിൽ സംസാരിച്ചതെന്നും പരിശോധിക്കും. ട്രെയിൻ തട്ടി ഫോൺ പൂർണമായി തകർന്നതിനാൽ സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കുമെന്ന് പേട്ട സി.ഐ പ്രേംകുമാർ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.