Connect with us

Crime

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

Published

on

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് ആലത്തൂർ കോടതിയിൽ സമർപ്പിച്ചത്. ശാസ്ത്രീയ തെളിവുകളുൾപ്പെടെ ചെന്താമരയാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകളുൾപ്പെടെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൃത്യം നടന്ന് 60 ദിവസത്തിനുള്ളിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 132 സാക്ഷികളും 30 ലേറെ ശാസ്ത്രീയ തെളിവുകളുമാണ് കേസിലുള്ളത്.

കേസിൽ ഒരു ദൃക്സാക്ഷിയാണുള്ളത്. സുധാകരന്റെ മാതാവ് ലക്ഷ്മിയെ പ്രതി ചെന്താമര കൊലപ്പെടുത്തുന്നത് കണ്ടെന്ന ദൃക്സാക്ഷി ​ഗീരീഷിന്റെ മൊഴി കേസിൽ നിർണായകമാകും. കൊലയിലേക്ക് നയിച്ചത് വ്യക്തി വിരോധമാണെന്നും കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കുന്നു. ശാസ്ത്രീയ പരിശോധനയിൽ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച വെട്ടുകത്തിയുടെ പിടിയിൽ നിന്ന് ചെന്താമരയുടെ ഡിഎൻഎ ലഭിച്ചതും പ്രതിയുടെ ലുങ്കിയിൽ നിന്ന് സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറ കണ്ടെത്തിയതും കേസിൽ നിർണായകമാകും. പ്രതി മാനസികരോ​ഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

ഇടംകൈയനാണെന്നും ആ‍ഞ്ഞുവെട്ടാൻ കഴിയില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളുൾപ്പെടെ ഹാജരാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെയും സാക്ഷികളുടെയും ​ഗൂഗിൾ ടെെംലൈനും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിവാദം ഉന്നയിക്കാനിടയുള്ള വാദങ്ങളെയെല്ലാം തള്ളാൻകഴിയുന്ന വിധത്തിൽ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

ജനുവരി 27ന് രാവിലെ ഒമ്പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലപാതകം. 2019-ൽ സജിതയെ കൊന്ന് ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലർത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.

Continue Reading