Connect with us

KERALA

എന്റെ അന്തസായ രാഷ്ട്രീയ തീരുമാനമായി ഞാൻ ഖേദം രേഖപ്പെടുത്തി. ഇതൊന്നും അറിയാത്ത അന്തം കമ്മികൾ വെറുതെ പൊലിപ്പിച്ചിട്ടിട്ട് വിവരക്കേട് പറയുന്നു

Published

on

തൃശൂർ : പി.കെ.ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. പി.കെ.ശ്രീമതിയാണ് കോടതിയിൽ ഒത്തുതീർപ്പ് വ്യവസ്ഥ വച്ചത്. മാധ്യമങ്ങളെ അറിയിക്കണമെന്ന് പറഞ്ഞതും ശ്രീമതിയാണ്. ഇതൊന്നും അറിയാതെയാണ് തനിക്ക് നേരെ സൈബർ ആക്രമണമെന്നും ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അപകീർത്തി കേസിൽ ഇന്നലെ ഹൈക്കോടതിയിൽ നേരിട്ടെത്തിയാണു ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ മാപ്പു പറഞ്ഞതും മുന്‍ മന്ത്രി കൂടിയായ സിപിഎം നേതാവ് പി.കെ. ശ്രീമതി ഇത് സ്വീകരിച്ചതും.

തനിക്കും കുടുംബത്തിനുമെതിരെ ചാനൽ ചർച്ചയിൽ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെ ശ്രീമതി നൽകിയ പരാതിയിലായിരുന്നു കേസ്. മാനനഷ്ടക്കേസിൽ ഗോപാലകൃഷ്ണൻ ഹൈക്കോടതിയിൽ എത്തി പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെ കേസ് ഒത്തുതീർപ്പാവുകയായിരുന്നു. പിന്നീട് മാധ്യമങ്ങൾക്ക് മുൻപാകെ എത്തിയ ഗോപാലകൃഷ്ണൻ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. 

ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടണം എന്ന് യാതൊരു താൽപര്യവും ഇല്ലായിരുന്നു. പക്ഷേ എന്താണ് സംഭവം എന്ന് എല്ലാവരും അറിയണമല്ലോ. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ ഔദാര്യമാണ് എന്റെ ഖേദം. ഇത് മാതൃകയാകട്ടെ എന്ന് കരുതി രേഖപ്പെടുത്തിയതാണ്. കോടതി പറഞ്ഞിട്ടോ കേസ് നടത്തിയിട്ടോ അല്ല, ഒരു സ്ത്രീയുടെ അന്തസിനു ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചർ പറഞ്ഞപ്പോൾ അന്തസായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഞാൻ കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയത്.
ശ്രീമതി ടീച്ചറുടെ മകൻ മെഡിക്കൽ സർവീസ് കോർപറേഷൻ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടർ ആണന്നും ശ്രീമതി ടീച്ചർ ആരോഗ്യ മന്ത്രിയായ കാലത്ത് അനഭിമത ഇടപാട് നടത്തിയെന്നുമുള്ള അന്തരിച്ച എംഎൽഎ പി.ടി.തോമസിന്റെ ആരോപണം ഞാൻ ചാനൽ ചർച്ചയിൽ പറഞ്ഞതായിരുന്നു എനിക്കെതിരെയുള്ള ആരോപണം. എനിക്കെതിരെ കേസ് കൊടുത്ത ടീച്ചറോട് ടീച്ചറുടെ വക്കീൽ പറഞ്ഞു കേസ് നിൽക്കില്ല കാരണം പി.ടി.തോമസ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യം ആവർത്തിച്ചതാണ്. ഇത് മനസിലാക്കിയ വക്കീൽ ടീച്ചറെ ഉപദേശിച്ചു, ഒത്തുതിർപ്പ് വച്ച് തീർക്കുക. കണ്ണൂർ കോടതിയിൽ ഒത്തുതീർപ്പ് വച്ചു.

ഒത്തുതീർപ്പ് സമയത്ത് ശ്രീമതി ടീച്ചർ കണ്ണൂർ ജില്ലയിലെ ടീച്ചറുടെ ബന്ധുക്കൾ ടീച്ചറെ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോൾ ഒരു സത്രീയുടെ കണ്ണുനീരിന് എന്റെ രാഷ്ട്രീയത്തേക്കാൾ വില ഉണ്ടന്ന് വിശ്വസിക്കുന്ന ഞാൻ രാഷട്രീയത്തിന്റെ അന്തസിന് ഖേദം പറയാം എന്ന്  പറഞ്ഞു. ഇതാണ് ഈ ഖേദം. കേസ് തീർന്നപ്പോൾ ടീച്ചർ ഖേദം പത്രക്കാരോട് പറയണമെന്ന് എന്നോട് അഭ്യർഥിച്ചു. ടീച്ചർ വിളിച്ചു പറഞ്ഞ് വരുത്തിയ പത്രക്കാരോട് ഇതൊന്നും പറയാതെ എനിക്ക് പോകാമായിരുന്നു, കാണാതിരിക്കാമായിരുന്നു. മറ്റൊരു ദിവസത്തേക്ക് വരാം എന്ന് പറയാമായിരുന്നു. 

കേരള രാഷ്ടീയത്തിൽ എന്നും ഓർക്കുന്ന ഒരു മാതൃകയാകട്ടെ എന്റെ ഖേദം എന്ന് ഞാൻ ചിന്തിച്ച് ഉറപ്പിച്ചു പറഞ്ഞതാണ്. ആരും പറയിപ്പിച്ചതല്ല, ആവശ്യപ്പെട്ടതുമല്ല.  കേസ് നടത്തിയിട്ടുമില്ല, നടത്തിയാൽ എനിക്കെതിരെ ഒന്നും ചെയ്യാനും പറ്റില്ല. പക്ഷേ എന്റെ അന്തസായ രാഷ്ട്രീയ തീരുമാനമായി ഞാൻ ഖേദം രേഖപ്പെടുത്തി. ഇതൊന്നും അറിയാത്ത അന്തം കമ്മികൾ വെറുതെ പൊലിപ്പിച്ചിട്ടിട്ട് വിവരക്കേട് പറയുന്നു. ശ്രീമതി ടീച്ചർ എന്നോട് നന്ദിയും നല്ലത് വരും എന്നും പറഞ്ഞാണ് പിരിഞ്ഞത്. അത് എന്തുകൊണ്ട് എന്ന് അന്തം കമ്മികളെ അറിയുക. 

മറ്റൊരു പ്രധാന കാര്യം ടീച്ചറോട് ഞാൻ ഡിവൈഎഫ്ഐ നേതാവ് അരുൺ കുമാറിനെ സാക്ഷി നിർത്തി പറഞ്ഞു.  മെഡിക്കൽ സർവീസ് കോർപറേഷൻ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടർമാർ കണ്ണൂരിലെ പ്രസിദ്ധ സിപിഎം നേതാക്കളായി അന്തരിച്ച ചിലരുടെ മക്കളാണന്ന രേഖകൾ മനോരമ പത്രത്തിൽ വന്നിട്ടുണ്ടായിരുന്നു. ഈ കാര്യം പറയരുതെന്ന ടീച്ചറുടെ അഭിപ്രായം ഞാൻ അംഗീകരിച്ചത് രാഷ്ട്രീയ അന്തസിന് വേണ്ടിയാണ്. സിപിഎം നേതാക്കളുടെ മക്കളുടെ പേര് ഉണ്ടായിരുന്നങ്കിലും ടീച്ചറുടെ മകന്റെ പേര് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് എന്റെ സ്വന്തം തീരുമാനപ്രകാരം ഖേദം രേഖപ്പെടുത്തിയത്.

ADVERTISEMENT
അത് ദുർവ്യഖ്യാനം ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളു, അന്തസുള്ളവർക്ക് മനസിലാകും അല്ലാത്തവർ കുരയ്ക്കും. ഞാൻ അന്തസിന് നിരക്കാത്തതായി ഒന്നും ചെയ്യില്ല. എന്റെ നിശ്ചയത്തിൽ നിന്ന് പിന്നോട്ടില്ല. പണ്ട് പി.എസ്. ശ്രീധരൻപിള്ളയോട് മാപ്പ് പറഞ്ഞ ദേശാഭിമാനിയും ഇപ്പോൾ ഞാൻ ഫയൽ ചെയ്ത മാനഹാനി കേസിൽ തൃശൂർ സിജെഎം കോടതിയിൽ നിന്ന് ജാമ്യമെടുത്ത് ഗോവിന്ദനും നടക്കുന്നുണ്ടെന്ന കാര്യം ഈ കൂട്ടർ മറക്കേണ്ട.

Continue Reading