Crime
ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരേ ഉടൻ കേസെടുക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് അനധികൃത പണം കണ്ടെടുത്ത സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സുപ്രിം കോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കാമെന്നും ഉടന്‍ കേസെടുക്കേണ്ടതില്ലെന്നും ജസ്റ്റിസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
യശ്വന്ത് വര്‍മയ്‌ക്കെതിരായ അന്വേഷണത്തിന് മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി രൂപീകരിച്ചിരിക്കുന്നത്. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് അംഗങ്ങള്‍. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു