Crime
വാളയാര്‍ കേസ്; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി,

കൊച്ചി: വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഇതിനുപുറമെ, വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഹൈക്കോടതി മാതാപിതാക്കള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സി.ജയചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഈ കേസുമായി ബന്ധപ്പെട്ട നിര്‍ണായക ഇടപെടല്‍ നടത്തിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കളെയും പ്രതിചേര്‍ത്തതിന് പിന്നാലെ അന്വേഷണ സംഘം സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം അവസാനം മാതാപിതാക്കളോട് നേരിട്ട് ഹാജരാകാന്‍ സിബിഐ കോടതി സമന്‍സ് അയച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള നടപടിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. വിചാരണ കോടതിയില്‍ ഹാജരാകുന്നതിനാണ് ഇളവ് നല്‍കിയിരിക്കുന്നതെങ്കിലും കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി തീര്‍പ്പാക്കിയതിന് ശേഷം മറ്റ് കാര്യങ്ങളിലേക്ക് കടക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചിട്ടുള്ളത്
വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആറ് കുറ്റപത്രങ്ങളാണ് സിബിഐ നല്‍കിയിരിക്കുന്നത്. ഈ കുറ്റപത്രങ്ങളിലാണ് കുട്ടികളുടെ മാതാപിതാക്കളെയും പ്രതിചേര്‍ത്തിരിക്കുന്നത്. ഈ കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും നടപടികള്‍ സുതാര്യമായിരുന്നില്ലെന്നും ഞങ്ങളുടെ ഭാഗം അന്വേഷണസംഘം കേട്ടിരുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് മാതാപിതാക്കള്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.