Crime
ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിഷാമിന് പരോൾ

കൊച്ചി: വിവാദമായ ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിഷാമിന് 15 ദിവസത്തെ പരോൾ അനുവദിച്ചു. ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം നിഷാമിന് പരോൾ അനുവദിച്ചത്. പരോൾ അനുവദിക്കരുതെന്ന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, പി വി ബാലകൃഷ്ണൻ എന്നിവരുടെ വിധി. നിഷാമിന് 30 ദിവസത്തെ പരോൾ ആവശ്യപ്പെട്ട് ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സിംഗിൾ ബെഞ്ച് ഈ ആവശ്യം തളളിക്കളഞ്ഞു.
നിഷാമും സഹോദരങ്ങളുമായി സ്വത്തുതർക്കം നിലനിൽക്കുന്നതിനാൽ തടവുപുള്ളിയെ പുറത്തു വിട്ടാൽ സാഹചര്യം മോശമാകാൻ സാദ്ധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചായിരുന്നു പരോൾ ആദ്യം നിഷേധിച്ചത്. ജയിൽ അധികൃതരുമായുണ്ടായ മോശം സാഹചര്യങ്ങളെ തുടർന്നാണ് നിഷാമിനെ വിയ്യൂർ ജയിലിലേക്ക് സ്ഥലം മാറ്റിയതെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി. സർക്കാർ വാദം പരോൾ അനുവദിക്കാതിരിക്കാൻ മതിയായ കാരണമല്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടുകയായിരുന്നു.പൊലീസ് റിപ്പോർട്ട് എതിരാണ് എന്നത് ഇവിടെ പരോൾ നിഷേധിക്കാൻ പര്യാപ്തമല്ല. തടവുകാരൻ പുറത്തുപോയാൽ അവിടെ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറയുന്നതിനുപകരം അതുണ്ടാകാതെ നോക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിയ്യൂർ ജയിലിലേക്ക് മാറ്റിയതിന്റെ പേരിൽ നിഷാമിനെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
2015ൽ തൃശൂരിലെ താമസ സ്ഥലത്ത് സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് വീഴ്‌ത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നിഷാം.