Crime
വീട്ടിൽ പ്രസവം നടത്തുന്നതുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സുഹൃത്ത് നൗഷാദ്

മലപ്പുറം: വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടിൽ പ്രസവം നടത്തുന്നതുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് സിറാജുദ്ദീന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സുഹൃത്ത് നൗഷാദ് അഹ്‌സാനി പറഞ്ഞു. വീട്ടിൽ പ്രസവിക്കാൻ ഭാര്യയായ അസ്‌മയെ നിർബന്ധിക്കരുതെന്ന് പലതവണ സിറാജുദ്ദീനോട് പറഞ്ഞിട്ടുണ്ടെന്ന് നൗഷാദ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മുൻപ് വീട്ടിൽ പ്രസവങ്ങൾ നടന്നതുകൊണ്ട് സിറാജുദ്ദീനും ആസ്മയ്ക്കും വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും സുഹൃത്ത് കൂട്ടിച്ചേർത്തു.
‘ആശുപത്രിയിൽ പോകുന്നത് അസ്മയ്ക്ക് ഇഷ്ടമല്ല എന്നാണ് സിറാജുദ്ദീൻ പറഞ്ഞിരുന്നത്. വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേൾവിക്കാരൻ ആയിരുന്നു സിറാജുദ്ദീൻ. പ്രസവം നടന്ന ദിവസവും, സിറാജുദ്ദീൻ ഒരു സുഹൃത്ത് വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഞാൻ പറഞ്ഞത്’- നൗഷാദ് പറഞ്ഞു.
അതിനിടെ ആസ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ തെളിവെടുപ്പ് ഇന്നും തുടരും. അറസ്റ്റിലായ സിറാജുദ്ദീനെ ചട്ടിപ്പറമ്പിലെ വീട്ടിലെത്തിച്ച് ഇന്നലെയും തെളിവെടുത്തിരുന്നു. വീട്ടിൽ എങ്ങനെ, എവിടെവച്ചാണ് പ്രസവം നടന്നതെന്ന് സിറാജുദ്ദീൻ പൊലീസിനോട് പറഞ്ഞിരുന്നു. ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയാൽ അടുത്ത ദിവസം തന്നെ മലപ്പുറം പൊലീസ് പെരുമ്പാവൂരിലേക്ക് തിരിക്കും. അസ്മയുടെ ബന്ധുക്കളുടെ അടക്കം മൊഴിയെടുക്കുമെന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അറ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചാമത്തെ പ്രസവത്തിലാണ് 35കാരിയായ ആസ്മ മരിച്ചത്. അസ്‌മയുടെ ആദ്യത്തെ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലും മൂന്ന് പ്രസവങ്ങൾ വീട്ടിലുമായിരുന്നു നടന്നത്. അക്യുപംഗ്‌ച്ചർ ചികിത്സാരീതിയാണ് പ്രസവത്തിനായി അസ്‌മയും സിറാജുദ്ദീനും ഉപയോഗിച്ചതെന്നാണ് വിവരം. രാത്രി ഒൻപത് മണിയോടെയാണ് ഭാര്യ മരിച്ചതായി സിറാജുദ്ദീൻ മനസിലാക്കുന്നത്. പിന്നാലെ മൃതദേഹം സിറാജുദ്ദീൻ പെരുമ്പാവൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.