Connect with us

Crime

കെ.പി.സാബിറിനെ രാജ്യം വിടാന്‍ സഹായിച്ചതില്‍ തഹാവൂര്‍ റാണയുടെ പങ്ക് അന്വേഷിക്കുന്നു

Published

on

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് യുവാക്കളെ ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയിലേക്ക് റിക്രൂട്ട് ചെയ്ത കേസിലെ മുഖ്യപ്രതി കെ.പി.സാബിറിനെ രാജ്യം വിടാന്‍ സഹായിച്ചതില്‍ മുംബൈ ഭീകരാക്രണക്കേസ് പ്രതി തഹാവൂര്‍ റാണയുടെ പങ്ക് അന്വേഷിക്കുന്നു. 2008 നവംബര്‍ 16-ന് ഭാര്യ സമ്രാസ് റാണക്ക് ഒപ്പം കൊച്ചിയില്‍ താമസിച്ചവേളയില്‍ ബന്ധപ്പെട്ടവരെക്കുറിച്ച് തഹാവൂര്‍ റാണയില്‍നിന്ന് വിവരങ്ങള്‍ ആരായാനും അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചു. ദക്ഷിണേന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറുമായുള്ള റാണയുടെ ബന്ധത്തെക്കുറിച്ചും അന്വേഷണമുണ്ടാകും.

കേരളത്തില്‍ താമസിച്ചിരുന്ന വേളയില്‍ 13 ഫോണ്‍ നമ്പറുകളിലേക്കാണ് തഹാവൂര്‍ റാണ ബന്ധപ്പെട്ടിരുന്നത്. ഇതുസംബന്ധിച്ച് നേരത്തേ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. റാണ കൊച്ചിയില്‍ താമസിച്ചതിന്റെ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയായ കെ.പി. സാബിര്‍ രാജ്യം വിടുന്നത്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് മുംബൈ വിമാനത്താവളം വഴി സാബിര്‍ രാജ്യം വിട്ടത്. ഇതില്‍ റാണയുടെ പങ്കിനെ സംബന്ധിച്ചാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ഭീകരര്‍ക്ക് രക്ഷപ്പെടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 2008 നവംബറില്‍ ഇവര്‍ ദുബായില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് റാണ കൊച്ചിയില്‍ എത്തുന്നത്. പാകിസ്താന്‍ സൈന്യത്തിലെ അബ്ദുറഹ്‌മാന്‍ ഹാഷിം സയ്യിദ് അഥവാ പാഷ എന്ന വ്യക്തിയുമായി റാണയ്ക്ക് അടുത്തബന്ധമുണ്ടായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് പാഷയ്‌ക്കൊപ്പം തഹാവൂര്‍ റാണ ദുബായില്‍ ഒന്നിച്ച് താമസിച്ചിരുന്നു. ലഷ്‌കറെ തൊയ്ബയുടെ ഗള്‍ഫ് കമാന്‍ഡന്‍ വാലിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു പാഷ.

Continue Reading