Crime
ഷെെൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ ആരോപണം ശരിവച്ച് അപർണ ജോൺസ്.

തിരുവനന്തപുരം: നടൻ ഷെെൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ ആരോപണം ശരിവച്ച് നടി അപർണ ജോൺസ്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ ഷെെൻ മോശമായി പെരുമാറിയെന്നും ഷൂട്ടിംഗിനിടയിൽ ലെെംഗികചുവയോടെ സംസാരിക്കുമായിരുന്നുവെന്നും അപർണ ജോൺസ് വ്യക്തമാക്കി. ഷെെൻ സംസാരിക്കുമ്പോൾ വെളുത്ത പൊടി വായിൽ നിന്ന് വീഴുന്നുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
വിൻസി അലോഷ്യസ് പങ്കുവച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. ഞാനും കൂടെ ഇരിക്കുമ്പോഴാണ് വെള്ളപ്പൊടി ഷെെൻ തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്ക്കും കെെമാറിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ ജീവിക്കുന്നതിനാൽ നിയമനടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുണ്ട്’,- അപർണ വ്യക്തമാക്കി.
അതിനിടെ, ഷൈൻ ടോം ചാക്കോയെ സിനിമയിൽ നിന്നും താൽക്കാലികമായി മാറ്റിനിർത്തുമെന്ന് കഴിഞ്ഞ ദിവസം ഫെഫ്ക അറിയിച്ചിരുന്നു. കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഒരവസരം കൂടി വേണം എന്ന് ഷൈൻ ടോം തങ്ങളോട് അഭ്യർത്ഥിച്ചു. എന്നിരുന്നാലും കർക്കശ നിലപാടെടുക്കും. നിലവിൽ ഐസി റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.”സൂത്രവാക്യം’ സിനിമയുമായി ബന്ധപ്പെട്ട പരാതിയിൽ വിൻസി ഫെഫ്കയെ ബന്ധപ്പെട്ടിരുന്നു. നടന്റെ പേരും സിനിമയുടെ പേരും പുറത്ത് പറയരുത് എന്ന് വിൻസി ആവശ്യപ്പെട്ടിരുന്നു. വിൻസിയോട് നിയമാനുസൃതം ഐസിസിയിൽ പരാതിപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ഫെഫ്ക മുന്നോട്ട് പോകുമ്പോൾ അമ്മയുടെ അംഗങ്ങൾ അത്തരത്തിൽ പെരുമാറിയാൽ അത് അംഗീകരിക്കാൻ സാധിക്കില്ല.ഷൈൻ ടോം ചാക്കോയെ തങ്ങൾ വിളിച്ചു വരുത്തി. ലഹരി ഉപയോഗിക്കുന്നു എന്ന് ഷൈൻ തങ്ങളോടും പറഞ്ഞു. അമ്മയുമായി ഫെഫ്ക ചർച്ച നടത്തി. ഈ രീതിയിൽ സിനിമയുമായി മുന്നോട്ടു പോകാൻ പ്രയാസമാണെന്ന് അറിയിച്ചു. ലഹരി ബന്ധം ഉള്ളവരുമായി സഹകരിക്കാൻ കഴിയില്ല. ലഹരിയുമായി പിടിയിലായ മേക്കപ്പ് മാനെ ഫെഫ്ക പിരിച്ചു വിട്ടിരുന്നു’,
ബി ഉണ്ണികൃഷ്ണൻ പറഞ്ഞു