KERALA
ലാവ്‌ലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല

ന്യൂഡൽഹി: ലാവ്‌ലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. കഴിഞ്ഞ എട്ടാം തീയതി പരിഗണിക്കേണ്ടിയിരുന്ന കേസ് കോടതി സമയം കഴിഞ്ഞതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ കോടതി കേസ് ഇന്നും മാറ്റിവയ്‌ക്കുകയായിരുന്നു. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് കീഴിലാണ് കേസ്.
സി ബി ഐയുടെ അപേക്ഷയിന്മേൽ തന്നെ നാല് തവണ കോടതി കേസ് മാറ്റിവച്ചു. എന്നാൽ,ചില രേഖകൾ സമർപ്പിക്കാമെന്ന് കോടതിയെ അറിയിച്ച സി ബി ഐ ഇതുവരെയും അവ സമർപ്പിച്ചിട്ടുമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടരി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് സി ബി ഐ സുപ്രീംകോടതിയെ സമീപിച്ചത്.
ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ച് ഇന്ന് പിടി തോമസ് നിയമസഭയിൽ വിമർശനം ഉന്നയിച്ചപ്പോൾ ചിരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചത്. താനിപ്പോൾ ഈ കേസിൽ പ്രതിയല്ല. തന്റെ പേരിൽ സ്വാഭാവികമായി ഇപ്പോൾ കുറ്റമില്ല. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് സുപ്രീം കോടതി മാറ്റിവയ്‌ക്കുന്നതിൽ തനിക്കെന്ത് ചെയ്യാനാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു.ലാവ്‌ലിൻ കേസ് ഉയർത്തി മുഖ്യമന്ത്രിയെ ആക്രമിക്കാൻ പ്രതിപക്ഷം ശ്രമിച്ചപ്പോഴായിരുന്നു ഈ മറുപടി. 19 തവണ ലാവ്‌ലിൻ കേസ് കോടതി മാറ്റിവച്ചെന്നും പിണറായിയെ ബി ജെ പി സഹായിക്കുകയാണെന്നുമുളള പിടി തോമസിന്റെ ആരോപണത്തിനായിരുന്നു മറുപടി.