Crime
ജി. സുധാകരനെതിരേ കേസെടുക്കാൻ നിർദേശം. അടിയന്തര നടപടിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നിർദേശിച്ചു

തിരുവനന്തപുരം: താപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലിനു പിന്നാലെ മുൻമന്ത്രി ജി. സുധാകരനെതിരേ കേസെടുക്കാൻ നിർദേശം. അടിയന്തര നടപടിക്ക് ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാണ് നിർദേശിച്ചത്. എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യാനും വിശദമായ അന്വേഷണം നടത്താനും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനർ നിർദേശിച്ചു.
എൻജിഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സുധാകരന്‍റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മിഷൻ കേസുമായി വന്നാലും പ്രശ്നമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
1989 ൽ കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റുകൾ ശേഖരിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു. താനായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സർവീസ് സംഘടന അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു. ഞങ്ങൾക്ക് ലഭിച്ച ബാലറ്റുകൾ ഞങ്ങൾ തിരുത്തിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ.
ഒട്ടിച്ചു തന്നാൽ അറിയില്ലെന്ന് കരുതേണ്ടെന്നും ഞങ്ങളത് പൊട്ടിച്ച് തിരുത്തുമെന്നും സുധാകരൻ പറഞ്ഞു. സർവീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂർണമായും പാർട്ടിക്ക് ലഭിക്കാറില്ല. 36 വർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് സുധാകരന്‍റെ വെളിപ്പെടുത്തൽ. സുധാകരന്‍റെ വെളിപ്പെടുത്തൽ നിയമ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്.