Crime
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു

ആലപ്പുഴ: തപാല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 465,468,471 വകുപ്പുകളാണ് സുധാകരനെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ഗുരതരമായ ആരോപണമാണ് വെളിപ്പെടുത്തലിലിലൂടെ സുധാകരനെതിരെ ഉയര്‍ന്നത്. 1989-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സര്‍വീസ് സംഘടനാ അംഗങ്ങളില്‍നിന്ന് ലഭിച്ച തപാല്‍ വോട്ടുകള്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍വെച്ചു തുറന്നുനോക്കിയിട്ടുണ്ടെന്നും തിരുത്തിയിട്ടുണ്ടെന്നുമാണ് ബുധനാഴ്ച അദ്ദേഹം ആലപ്പുഴയില്‍ പ്രസംഗിച്ചത്. എന്‍ജിഒ യൂണിയന്റെ പൂര്‍വകാല നേതാക്കളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു പ്രസംഗം.
സുധാകരന്റെ വെളിപ്പെടുത്തലിനെ സിപിഎമ്മും അന്നത്തെ സ്ഥാനാര്‍ഥി കെ.വി. ദേവദാസും തള്ളിപ്പറഞ്ഞു. അതോടെ വ്യാഴാഴ്ച ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സിപിഐയുടെ ചടങ്ങില്‍ അദ്ദേഹം മലക്കംമറിയുകയും ചെയ്തു. ‘പാര്‍ട്ടി ഓഫീസില്‍ ആരും ബാലറ്റ് തുറന്നിട്ടുമില്ല, തിരുത്തിയിട്ടുമില്ല. പോസ്റ്റല്‍ ബാലറ്റ് പരിശോധിക്കുന്ന രീതി പാര്‍ട്ടിയിലില്ല. അല്പം ഭാവന കലര്‍ത്തി പറഞ്ഞുവെന്നു മാത്രം’ എന്ന് സുധാകരന്‍ തിരുത്തി പറഞ്ഞു.
‘കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്കു മത്സരിച്ചപ്പോള്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ല’ എന്നായിരുന്നു സുധാകരന്‍ ആദ്യം പറഞ്ഞത്. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.