Crime
ഐവിൻ ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

കൊച്ചി: എറണാകുളത്ത് ഐവിൻ ജിജോയെ (24) കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സിഐഎസ്‌എഫ് ഡിഐജി ആർ പൊന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് ഐവിൻ ജിജോയെ രണ്ട് സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയത്.
കേസിൽ പ്രതികളായ വിനയകുമാർ ദാസ്, മോഹൻ എന്നിവർക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളെ മേയ് 29 വരെ റിമാൻഡ് ചെയ്‌തിരുന്നു. കൊല്ലാൻ വേണ്ടി കാറിടിപ്പിച്ചു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇവർക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തി ശിക്ഷ കടുപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ കോടതി പരിസരത്ത് യൂത്ത് കോൺഗ്രസിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധം നടത്തിയിരുന്നു.
ബുധനാഴ്ച രാത്രി പത്തിന് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം നായത്ത് വച്ചായിരുന്നു സംഭവം. പ്രതികൾ മദ്യലഹരിയിലായിരുന്നു. സിഐഎസ്എഫുകാരുടെ കാറിനെ യുവാവ് മറികടക്കുന്നതിനിടെ കാറുകൾ ഉരസി. അസഭ്യം പറഞ്ഞശേഷം വിനയകുമാർ ദാസ് കാർ റിവേഴ്സ് എടുത്ത് തിരിച്ചുപോകാൻ ശ്രമിക്കവേ ഐവിൻ മുന്നിൽ കയറി നിന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.
പൊലീസിനെ വിളിക്കുമെന്നും പൊലീസ് വന്നിട്ടു പോയാൽ മതിയെന്നും പറഞ്ഞു. ഇതിനിടെയാണ് കാർ വേഗതയിൽ മുന്നോട്ടെടുത്ത് ഐവിനെ ഇടിച്ചതും മുന്നോട്ടു പാഞ്ഞതും. ഒന്നര കിലോമീറ്റർ അകലെ കപ്പേള റോഡിലെ സെന്റ് ജോൺസ് ചാപ്പലിന് സമീപം വരെ ബോണറ്റിൽ പിടിച്ചുകിടന്ന് അപേക്ഷിച്ചെങ്കിലും നിറുത്തിയില്ല. ഇവിടെയെത്തിയപ്പോൾ കാർ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. റോഡിൽ വീണിട്ടും 15 മീറ്ററോളം ചക്രത്തിനടിയിലൂടെ നിരക്കിയ ശേഷമാണ് നിറുത്തിയത്. ദേഹമാകെ പരിക്കേറ്റ ഐവിൻ തൽക്ഷണം മരിച്ചു