Crime
സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി അയൽവാസി

കൊച്ചി : തിരുവാങ്കുളത്ത് മൂന്നരവയസ്സുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി അയൽവാസിയും ബന്ധുവുമായ അശോകൻ. ഐസ്ക്രീമിൽ വിഷം കലർത്തിയാണ് കൊല്ലാൻ ശ്രമിച്ചത്. മുതിർന്ന കുട്ടി അന്ന് ബഹളം വച്ചതോടെയാണ് ശ്രമം പരാജയപ്പെട്ടത്. ഇതിനുപിന്നാലെ പൊലീസ് ഇടപെട്ട് സന്ധ്യയെ കൗൺസിലിങ്ങിന് വിധേയ ആക്കിയിരുന്നുവെന്നും അശോകൻ പറഞ്ഞു.
‘കുട്ടിയെ എന്തോ ചെയ്തെന്ന് മനസ്സിലായിരുന്നു, അത്തരം എടുത്തു ചാട്ടങ്ങൾ സന്ധ്യയ്ക്കുണ്ട്; കൊല്ലുമെന്ന് കരുതിയില്ല’
‘‘സന്ധ്യ അധികം ആരോടും മിണ്ടുന്ന ഒരാളായിരുന്നില്ല. കുട്ടികളെ ടോർച്ച് കൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട്. ഐസ്ക്രീമിൽ വിഷം കലർത്തി ഇളയ കുഞ്ഞിനെ നേരത്തെയും കൊല്ലാൻ ശ്രമിച്ചു. അന്ന് ഒച്ചയുണ്ടാക്കിയത് മൂത്ത കൊച്ചാണ്. സുഭാഷിന്റെ അമ്മ ഇതു കണ്ട് പേടിച്ചുവിറച്ച് സന്ധ്യയെയും കുഞ്ഞുങ്ങളെയും വീട്ടിൽ കൊണ്ടാക്കി. അന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. അവർ കൗൺസിലിങ്ങിനു വിട്ടു. മാനസിക ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നിയിട്ടില്ല. സന്ധ്യയുടെ സഹോദരിയുടെയും അമ്മയുടെയും പെരുമാറ്റത്തിൽ സംശയമുണ്ട്’’ – അശോകൻ പറഞ്ഞു.
കുഞ്ഞിനെ നേരത്തെയും സന്ധ്യ ഉപദ്രവിച്ചിരുന്നുവെന്ന് ഭർത്താവ് സുഭാഷ് പറഞ്ഞു. ചേച്ചിയും അമ്മയും പറയുന്നതേ സന്ധ്യ കേൾക്കുകയുള്ളൂ. ഇന്നലത്തെ സംഭവവും അവർക്ക് അറിയാമായിരിക്കാമെന്നും സുഭാഷ് പറഞ്ഞു.