Connect with us

Crime

നടന്‍ സന്തോഷ് കീഴാറ്റൂറിന്റെ മകന്‍ യദു സാന്തിനെയും കൂട്ടുകാരേയും ക്രൂരമായി മര്‍ദിച്ചതായി പരാതി.

Published

on

കണ്ണൂർ : നടന്‍ സന്തോഷ് കീഴാറ്റൂറിന്റെ മകന്‍ യദു സാന്തിനെയും കൂട്ടുകാരേയും ക്രൂരമായി മര്‍ദിച്ചതായി പരാതി. യദു സാന്തും സുഹൃത്തുക്കളും മറ്റൊരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ വരുമ്പോള്‍ പയ്യന്നൂര്‍ തൃച്ചംബരത്തുവെച്ച് കഴിഞ്ഞരാത്രി സാമൂഹികവിരുദ്ധര്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. തൃച്ചംബരം ചിന്മയ സ്‌കൂള്‍ പരിസരത്തുവെച്ചാണ് സംഭവം.

മകനെ ഹെല്‍മറ്റുകൊണ്ട് മര്‍ദിച്ചുവെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സന്തോഷ് കീഴാറ്റൂര്‍ ആരോപിച്ചു. മകന്റെ കൂട്ടുകാരെ ക്രൂരമായി തല്ലിയെന്നും അദ്ദേഹം ആരോപിച്ചു. സന്തോഷ് കീഴാറ്റൂര്‍ പോലീസില്‍ പരാതി നല്‍കി. മകനെ ഹെല്‍മറ്റുകൊണ്ട് മര്‍ദിച്ചയാളുടെ ചിത്രം സന്തോഷ് കീഴാറ്റൂര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

സന്തോഷ് കീഴാറ്റൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

എന്തൊരു ഭയാനകമായ രാത്രി. ഉറങ്ങാന്‍ പറ്റുന്നില്ല. ആണ്‍കുട്ടികള്‍ പോലും സുരക്ഷിതരല്ല. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോ? ഓര്‍ക്കാന്‍ വയ്യ. പല സന്ദര്‍ഭങ്ങളിലും എന്നെക്കാള്‍ കരുത്തോടെ പെരുമാറിയ ഉണ്ണി, അച്ചാ എന്നെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു. കൂട്ടുകാരെയും പൊതിരെ തല്ലി, ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത് എന്ന് കരഞ്ഞു പറഞ്ഞപ്പോള്‍ ഞാനും ഏട്ടനും ആദുവും ഓടുകയായിരുന്നു. അല്ല പറക്കുകയായിരുന്നു.

സ്‌കൂളിന്റെ മുന്നില്‍ എത്തിയപ്പോള്‍ ഒരു വലിയ ജനകൂട്ടം. പേടിച്ച് വിറച്ച് കുട്ടികള്‍ ഒരു വീട്ടില്‍ കഴിയുകയായിരുന്നു. അതും രണ്ട് ദിവസം മുമ്പ് ഇതേ സ്‌കൂളില്‍ വെച്ചാണ് 50-ല്‍ പരം ആള്‍ക്കാര്‍ പങ്കെടുത്ത കളക്ടര്‍ അടക്കം ഭാഗമായ വലിയൊരു സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഭിനയ പരിശീലന ക്യാമ്പ് യദു സാന്ത് കോര്‍ഡിനേറ്റ് ചെയ്തത്. ആ സാംസ്‌കാരിക പരിപാടിയില്‍ തിരിഞ്ഞു നോക്കാത്ത മനുഷ്യത്വം ഇല്ലാത്തവരാണ് ചെറിയ മക്കളെ തല്ലി ചതച്ചത്.

കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ് തൃച്ചംബരം ചിന്മയാമിഷന്‍ സ്‌കൂളിന് മുന്നില്‍ വെച്ച് ഒരു കാരണവും ഇല്ലാതെ എന്റെ മോന്‍ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകള്‍ മാരകമായി ആക്രമിക്കുകയായിരുന്നു. 17 വയസ്സുള ചെറിയ മക്കളെ തല്ലി ചതച്ച തൃച്ചംബരത്തെ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക. കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെ, നിങ്ങളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും

Continue Reading