Crime
അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസുകാരിയെ പീഡനത്തിപ്പിച്ച കേസിൽ കുഞ്ഞിന്റെ പിതാവിന്റെ അടുത്ത ബന്ധു അറസ്റ്റിൽ.
കൊച്ചി : അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസുകാരി പീഡനത്തിനിരയായ കേസിൽ കുഞ്ഞിന്റെ പിതാവിന്റെ അടുത്ത ബന്ധു അറസ്റ്റിൽ. ഇന്നലെ രാവിലെ മുതൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും..
കൊലപാതക കേസിനു പിന്നാലെ കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്ന വിവരവും പുറത്തു വന്നതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആലുവ, പുത്തൻകുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേകാന്വേഷണ സംഘം. സൈബർ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. അതിനിടെ, കേസിൽ നിർണായക വഴിത്തിരിവുണ്ടായതോടെ കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
മാതാപിതാക്കള്‍ക്കൊപ്പം കുട്ടി താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് ബന്ധുക്കളും താമസിച്ചിരുന്നത്. തുടര്‍ന്ന് കുട്ടിയെ വീട്ടിൽവച്ച് പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധു പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. കുട്ടിയുടേത് മുങ്ങിമരണം തന്നെയാണെങ്കിലും ശരീരത്തിൽ കണ്ട ചില പാടുകളും മുറിവുകളും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കുട്ടിയുടെ കൊലപാതകം അന്വേഷിക്കുന്ന ചെങ്ങമനാട് പൊലീസ് തുടർന്ന് ഇക്കാര്യം പുത്തൻകുരിശ് പൊലീസിനെ അറിയിച്ചു. ഇന്നലെ രാവിലെ മുതൽ കുട്ടിയുടെ അടുത്ത ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ആലുവ, പുത്തൻകുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
