Crime
ഇഡി ഉദ്യോഗസ്ഥന്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടെന്ന് പരാതി ഉന്നയിച്ച അനീഷ് ബാബു കോടികള്‍ തട്ടിയതിന് കേരള പോലീസിന്റെ പിടിയിലായ വ്യക്തി.

കൊച്ചി: കേസൊതുക്കാന്‍ ഇഡി ഉദ്യോഗസ്ഥന്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടെന്ന് പരാതി ഉന്നയിച്ച അനീഷ് ബാബു അഞ്ച് വര്‍ഷംമുന്നേ കോടികള്‍ തട്ടിയതിന് കേരള പോലീസിന്റെ പിടിയിലായ വ്യക്തി. ടാന്‍സാനിയയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് വിവിധ കശുവണ്ടി വ്യാപാരികളില്‍നിന്ന് 14.73 കോടി തട്ടിയെന്ന കേസിലായിരുന്നു 2020 ജനുവരിയില്‍ അനീഷിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസില്‍ അന്വേഷണം നടക്കുകയാണ്.
അനീഷിനെതിരേ ക്രൈംബ്രാഞ്ചിന്റെയും പോലീസിന്റേതുമായി അഞ്ച് കേസുകള്‍ ഉണ്ടെന്ന് ഇഡിയും വ്യക്തമാക്കിയിരുന്നു.
കൊട്ടാരക്കര അമ്പലക്കരയില്‍ വാഴവിള കാഷ്യൂസ് കമ്പനി നടത്തിവന്ന അനീഷ് ബാബു ടാന്‍സാനിയയില്‍നിന്ന് കേരളത്തിലെ കശുവണ്ടി വ്യാപാരികള്‍ക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്ത് നല്‍കിയിരുന്നു. ടാന്‍സാനിയയില്‍ സതേണ്‍ ട്രേഡ് ലിമിറ്റഡ് എന്ന കശുവണ്ടി വ്യവസായ കമ്പനിയും തുടങ്ങിയിരുന്നു.
അനീഷ് അറസ്റ്റിലായ വാർത്ത
അഞ്ചലിലെ റോയല്‍ കാഷ്യൂസ് ഉടമ കുഞ്ഞുമോന്‍ നാലായിരം ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യാന്‍ അനീഷ് ബാബുവിന് 18 കോടി രൂപ മുന്‍കൂറായി നല്‍കി. എന്നാല്‍, 700 ടണ്‍ മാത്രമേ ലഭിച്ചുള്ളൂ. പണവും മടക്കിക്കിട്ടാതായതോടെയാണ് കുഞ്ഞുമോന്‍ പോലീസിനെ സമീപിച്ചത്. ഇതിന് പുറമേയും പരാതികള്‍ എത്താന്‍ തുടങ്ങിയതോടെ 2020 ജനുവരിയില്‍ ശാസ്തമംഗലത്തെ ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷിനെ പിടികൂടുകയായിരുന്നു. ടാന്‍സാനിയയിലെ ഐ ആന്‍ഡ് എം ബാങ്കില്‍ 40.22 ലക്ഷം ഡോളര്‍ നിക്ഷേപം തന്റെ പേരിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍ (സ്വിഫ്റ്റ്) രേഖ വ്യാജമായി നിര്‍മിച്ചായിരുന്നു വ്യാപാരികളെ അനീഷ് കബളിപ്പിച്ചത്.
ആദിച്ചനല്ലൂര്‍ സ്വദേശിയായ ഫെര്‍ണാണ്ടസില്‍ നിന്ന് 4.48 കോടിയും ആഫ്രിക്കന്‍ സ്വദേശിയായ മൈക്കിളില്‍നിന്ന് 76 ലക്ഷവും തട്ടിയെടുത്തെന്ന കേസ് അനീഷിന്റെപേരില്‍ കൊട്ടാരക്കര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സംഭവത്തിനുമുന്നേ കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യാപാരിയുടെ അഞ്ചരക്കോടി രൂപ തട്ടിയെന്ന കേസില്‍ അനീഷ് 40 ദിവസം ജയില്‍ശിക്ഷയും നേരിട്ടിരുന്നു.