HEALTH
രാജ്യം കാത്തിരുന്ന വാക്‌സിൻ എത്തിയെന്ന് നരേന്ദ്രമോദി

രാജ്യം കാത്തിരുന്ന വാക്‌സിൻ എത്തിയെന്ന് നരേന്ദ്രമോദി
ന്യൂഡൽഹി: രാജ്യം കാത്തിരുന്ന വാക്‌സിൻ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിൻ കുറഞ്ഞ സമയത്തിനുളളിലാണ് എത്തിയത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ദൗത്യമാണ് രാജ്യത്ത് തുടങ്ങുന്നത്. ലോകത്തിന് ഇന്ത്യ മാതൃകയാണ്. ഒന്നല്ല, രണ്ട് ഇന്ത്യൻ നിർമ്മിത വാക്‌സിനുകളാണ് എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിൻ എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ് ഇന്നത്തെ ദിനം. ഏറെ കാത്തിരുന്ന ചോദ്യത്തിനാണ് ഉത്തരമായിരിക്കുന്നത്. ഈ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, സൈന്യം, പൊലീസ്, ഫയർ ഫോഴ്‌സ് തുടങ്ങിയവരോടെല്ലാം നന്ദി പറയുന്നു. ഇത് ഇന്ത്യയുടെ ശേഷിയുടേയും പ്രതിഭയുടേയും ഉദാഹരണമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
വാക്‌സിന് വേണ്ടി പ്രയത്‌നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ വാക്‌സിനേഷൻ ചിലവ് കേന്ദ്രം വഹിക്കും. വാക്‌സിനേഷൻ ഘട്ടത്തിലും ജാഗ്രത കൈവിടരുത്. വിദേശ വാക്‌സിനെക്കാൾ വിലക്കുറവാണ് ഇന്ത്യയുടെ വാക്‌സിന്. കുത്തിവയ്‌പ്പിന് ശേഷം രണ്ടാഴ്‌ച കഴിഞ്ഞേ ഫലം കാണുകയുളളൂ. ഒരു മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകൾ സ്വീകരിക്കണമെന്നും മോദി പറഞ്ഞു.രണ്ട് ഘട്ടങ്ങളിലായി മുപ്പത് കോടിയോളം ജനങ്ങൾക്കാണ് വാക്‌സിൻ നൽകുന്നത്. ഇത് രാജ്യ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ലോകത്ത് ഇതുവരെ കൊവിഡ് വാക്‌സിൻ നൽകിയത് മൂന്നു കോടി പേർക്കാണ്. എന്നാൽ രാജ്യത്ത് ഇന്ന് തന്നെ മൂന്നു കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകുകയാണ്. വാക്‌സിനുമായി ബന്ധപ്പെട്ട ദുഷ്പ്രചാരണങ്ങൾ കണക്കിലെടുക്കരുത്. ആദ്യ ഡോസ് കഴിഞ്ഞാലും മാസ്‌ക് മാറ്റരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.