Entertainment
നടി ഷെഫാലി ജാരിവാല അന്തരിച്ചു; ഫൊറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി
നടി ഷെഫാലി ജാരിവാല അന്തരിച്ചു; ഫൊറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി
മുംബൈ∙ നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഇന്നലെ രാത്രി മുംബൈയിലെ അന്ധേരിയിലെ വീട്ടിൽ ബോധം നഷ്ടപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് പരാഗ് ത്യാഗിയും മറ്റും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പോസ്റ്റ്‌മോർത്തിനുശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് മുംബൈ പൊലീസ് അറിയിച്ചു.
മുംബൈയിലെ ബെല്ലെവ്യൂ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അവർ മരിച്ചിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കൂപ്പർ ആശുപത്രിയിലേക്കു മാറ്റി. പുലർച്ചെ ഒരുമണിയോടെയാണ് വിവരം അറിഞ്ഞതെന്ന് മുംബൈ പൊലീസ് അറിയിച്ചു. പൊലീസ്, ഫൊറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി.
2002ൽ പുറത്തിറങ്ങിയ ‘കാന്താ ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തിയിലേക്ക് ഉയർന്നത്. ഈ ഗാനം വലിയ തരംഗമായി മാറി. അന്ന് 20 വയസ്സായിരുന്നു ഷെഫാലിയുടെ പ്രായം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും പങ്കെടുത്ത് ജനപ്രിയ താരമായി. ഷെഫാലിക്കൊപ്പം പരാഗും നാച്ച് ബലിയെ 5, നാച്ച് ബലിയെ 7 എന്നീ ഡാൻസ് ഷോകളിൽ ഒരുമിച്ചു പങ്കെടുത്തിരുന്നു. ബിഗ് ബോസ് 13ാം സീസണിലും ഷെഫാലി പങ്കെടുത്തിരുന്നു. 2004ൽ ഹർമീത് സിങ്ങിനെ വിവാഹം ചെയ്തെങ്കിലും 2009ൽ പിരിഞ്ഞു. 2015ലാണ് പരാഗ് ത്യാഗിയെ വിവാഹം കഴിച്ചത്.
