Crime
യുവതി കടലിൽ ചാടി മരിച്ച സംഭവത്തിൽ ദുരൂഹത; ശുചിമുറിയിൽ ഒളികാമറ വെച്ച സഹസഹപ്രവർത്തകനെതിരെ പരാതി

കോഴിക്കോട്: യുവതി കടലിൽ ചാടി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പയ്യാനക്കൽ ചക്കുംകടവ് വടക്കയിൽ സജിത (25) കോതി പാലത്തിൽ നിന്ന് കടലിൽ ചാടി മരിച്ചതിലാണ് ദുരൂഹത ആരോപിച്ച് പിതാവ് ശശിധരൻ പന്നിയങ്കര പൊലീസിൽ പരാതി നൽകിയത്.
ജനുവരി 11ന് രാവിലെ 11 ഓടെയാണ് യുവതി കടലിൽ വീണത്. യുവതിയെ കടലിൽ തള്ളിയിട്ടെന്ന സംശയമാണ് പിതാവ് പരാതിയിൽ ഉന്നയിക്കുന്നത്. സജിത ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുറ്റിക്കാട്ടൂർ സ്വദേശി അനൂപ്, ശുചിമുറിയിൽ മൊബൈൽ കാമറ സ്ഥാപിച്ച് പകർത്തുകയും സംഭവത്തിൽ അനൂപ് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെ ഭർത്താവ് ഇവരെ ഉപേക്ഷിച്ചു.
പിന്നീട് കേസിൽ ജാമ്യത്തിലിറങ്ങിയ അനൂപ്, സജിതയെ വിവാഹം കഴിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിന് ആദ്യം കേസ് പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെ, വിവാഹശേഷം കേസ് പിൻവലിക്കാമെന്ന് സജിത നിലപാടെടുത്തു.
ഇതോടെ ഇയാൾ വീണ്ടും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കടലിൽ ചാടിയതിന് തൊട്ടു മുമ്പ് ഇരുവരെയും മത്സ്യത്തൊഴിലാളികൾ കണ്ടിരുന്നതായി പറയുന്നുണ്ട്.
മകൾ ആത്മഹത്യ െചയ്യില്ലെന്നും അനൂപ് കടലിൽ തള്ളിയിട്ടെന്ന സംശയവും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മരിക്കുന്നതിനുമുമ്പ് സജിതയിട്ട വാട്സ് ആപ് സ്റ്റാറ്റസ്, ചാറ്റുകൾ, ഫോൺ കാൾ വിവരങ്ങൾ ഉൾപ്പെടെ കുടുംബം തെളിവായി പൊലീസിന് നൽകിയിട്ടുണ്ട്.