Connect with us

NATIONAL

കോൺഗ്രസ് അദ്ധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി

Published

on

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അദ്ധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേണുഗോപാൽ .

മേയ് മാസത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി. പാർട്ടിയുടെ ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്നും ഈ തീരുമാനം പാർട്ടി ഏകകണ്‌ഠേന സ്വീകരിച്ചതാണെന്നും കെ.സി വേണുഗോപാൽ അറിയിച്ചു. യോഗത്തിൽ അടിയന്തരമായി സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്നായിരുന്നു ഗുലാം നബി ആസാദ്, മുകുൾ വാസ്‌നിക്, പി.ചിദംബരം, ആനന്ദ് ശർ‌മ്മ എന്നിവർ ആവശ്യപ്പെട്ടത്. എന്നാൽ എ.കെ ആന്റണി, അശോക് ഗെഹ്‌ലോട്ട്, ഉമ്മൻചാണ്ടി, താരിഖ് അൻവർ, ക്യാപ്‌റ്റൻ അമരീന്ദർ സിംഗ് എന്നിവർ ഈ ആവശ്യത്തെ എതിർത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മതി പാർട്ടി അദ്ധ്യക്ഷ തിരഞ്ഞെടുപ്പെന്ന് ഇവർ ആവശ്യപ്പെട്ടു.
രാഹുൽഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തണമെന്ന് പ്രവർത്തക സമിതി അംഗങ്ങൾ ഇന്നും യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം പലകാര്യങ്ങളിലും പാർട്ടിക്കുള‌ളിലെ എതിർശബ്‌ദം പാർട്ടിയെ ദുർബലപ്പെടുത്തുന്നതായി ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു. പാർട്ടിയുടെ പ്രവർത്തന ശൈലി മാ‌റ്റണമെന്ന് തിരുത്തൽവാദി നേതാക്കളും ആവശ്യപ്പെട്ടു.

Continue Reading