KERALA
റിസോർട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്ന് വയനാട് ജില്ലാ കലക്ടർ

വയനാട്: അംഗീകാരമില്ലാതെ റിസോർട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്ന് വയനാട് ജില്ലാ കലക്ടർ അദീല അബ്ദുള്ള പറഞ്ഞു. വയനാട് മേപ്പാടി എളമ്പിരിയിലെ റിസോർട്ടിൽ കാട്ടാന ആക്രമണത്തെ തുടർന്ന് യുവതി മരിച്ചതിനെ തുടർന്നാണ് നടപടി. അനുമതിയില്ലാതെ ടെന്റുകൾ ഇനി പ്രവർത്തിക്കാൻ പാടില്ലെന്നും ഇത്തരത്തിൽ വിനോദ സഞ്ചാരികളെ പാർപ്പിച്ചാൽ ഉടമയ്ക്കെതിരെ നടപടി എടുക്കുമെന്നും കലക്ടർ പറഞ്ഞു. റിസോർട്ടിൽ ടെന്റ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല.സംഭവത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉടൻ നടപടിയെടുക്കുമെന്നും കലക്ടർ വ്യക്തമാക്കി.
റിസോർട്ടിലെ ടെന്റിൽ തങ്ങിയ കണ്ണൂർ ചേളേരി സ്വദേശി ഷഹാന (26) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. യുവതി ശുചിമുറിയിൽ പോയി മടങ്ങുന്ന വഴി കാട്ടാന ആക്രമിച്ചതാണെന്ന് ഹോം സ്റ്റേ ഉടമ പറയുന്നത്. കാട്ടാനയെ കണ്ട് ഓടുന്നതിനിടെ യുവതി ഭയന്ന് വീണുവെന്നും ഈ സമയത്ത് ആന ചവിട്ടിക്കൊന്നുവെന്നുമാണ് ഉടമയുടെ മൊഴി. യുവതി മരിച്ചത് ഹോം സ്റ്റേ ഉടമ പറയുന്ന സ്ഥലത്താണോയെന്ന് സംശയമുണ്ടെന്ന് വനംവകുപ്പ് പറഞ്ഞു.സ്ഥാപനത്തിന്റെ പ്രവർത്താനാനുമതി റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓമന വ്യക്തമാക്കി. വന്യമൃഗശല്യമുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നും ഉടമ അത് നിരസിച്ചതാണ് ഇപ്പോഴുള്ള അപകടത്തിന് കാരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
മേപ്പാടിയിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരെയാണ് ഹോം സ്റ്റേ. വന്യമൃഗങ്ങളുടെ ശല്യമില്ലെന്നാണ് ഹോം സ്റ്റേ അധികൃതരുടെ വാദം.എന്നാൽ യുവതി താമസിച്ചത് വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്താണ്. ഇവർ താമസിച്ചിരുന്നത് ഹോം സ്റ്റേയോട് ചേർന്ന ടെന്റിലായിരുന്നു. ഹോം സ്റ്റേക്ക് മാത്രമായിരുന്നു ലൈസൻസ് ഉണ്ടായിരുന്നത്. ടെന്റുകൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. മരിച്ച ഷഹാനയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.