Crime
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ഗാസ: ഗാസയില്‍ ഉണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ റിപ്പോര്‍ട്ടറും ക്യാമറാമാനും അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. റിപ്പോര്‍ട്ടര്‍മാരായ അനസ് അല്‍ ഷെറിഫ്, മുഹമ്മദ് ഖ്‌റേയ്ഖ്, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹെര്‍, മൊഅമെന്‍ അലിവ, മുഹമ്മദ് നൗഫല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
അല്‍ ഷിഫാ ആശുപത്രി ഗേറ്റിന് സമീപം ഇവര്‍ കഴിഞ്ഞിരുന്ന ടെന്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗാസയുടെ നേര്‍ചിത്രം ലോകത്തിന് കാട്ടിക്കൊടുത്ത യുവ മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
ഹമാസിന്റെ ഭീകര സെല്ലിന്റെ തലവനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികരണം. കൊല്ലപ്പെട്ട അനസ് അല്‍ ഷെരീഫിനെ മാധ്യമ പ്രവര്‍ത്തകനായി വേഷമിട്ട തീവ്രവാദി എന്നാണ് ഇസ്രയേല്‍ സൈന്യം അധിക്ഷേപിച്ചത്. കൊല്ലപ്പെട്ട മറ്റ് മാധ്യപ്രവര്‍ത്തകരെ കുറിച്ച് ഇസ്രയേല്‍ മൗനം പാലിച്ചു. ഗാസയില്‍ 22 മാസമായി തുടരുന്ന യുദ്ധത്തില്‍ ഇതുവരെ 200ലേറെ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
