Crime
പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതിയെ സ്കൂളിലെ ശുചിമുറിയിൽ നിന്ന് പിടികൂടി
കോഴിക്കോട്: പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍. അസം സ്വദേശി പ്രസൻജിത്തിനെയാണ് (21) പിടികൂടിയത്. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇന്ന് പുലർച്ചെ 2.45നാണ് പ്രസൻജിത്തിനെ ഫറോക്ക് ചന്ത ജിഎം യുപി സ്‌കൂളിലെ ശുചിമുറിയിൽനിന്ന് പിടികൂടിയത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്.കൈവിലങ്ങുമായാണ് ഇയാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്.
പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളുമായാണ് ഇയാൾ കഴിഞ്ഞദിവസം നാടു വിട്ടത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിൽ കണ്ടെത്തിയ ഇരുവരെയും രാവിലെ സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി. കേസ് റജിസ്റ്റർ ചെയ്ത പോലീസ് പ്രസൻജിത്തിനെ വൈദ്യപരിശോധനയ്‌ക്കു ശേഷം സ്റ്റേഷനിൽ നിർത്തിയതായിരുന്നു. പോലീസുകാരുടെ സാന്നിധ്യം കുറഞ്ഞ തക്കം നോക്കിയാണ് ഇയാൾ ഓടിപ്പോയത്.
നാല് മാസം മുൻപാണ് അസമിൽ നിന്ന് വെല്‍ഡിങ് ജോലിക്കായി പ്രസന്‍ജിത്ത് കേരളത്തിൽ എത്തിയത്. അതുകൊണ്ട് പ്രദേശത്തെ കുറിച്ച് ഇയാൾക്ക് പരിചയമുണ്ടെന്ന ധാരണ പോലീസിനുണ്ടായിരുന്നു.
