KERALA
നികുതി അടയ്‌ക്കാൻ സമയം നീട്ടി നൽകണമെന്ന് സ്വകാര്യ ബസ് ഉടമകൾ . ഇല്ലെങ്കിൽ സർവീസ് നിർത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ വീണ്ടും സർവീസ് നിർത്താൻ ഒരുങ്ങുന്നു. നികുതി അടയ്‌ക്കാനുളള സമയം നീട്ടി നൽകിയില്ലെങ്കിൽ സർവീസ് നിർത്താനാണ് തീരുമാനം. ഇന്ധനവില കുത്തനെ ഉയരുന്നതും പ്രതിസന്ധി കൂട്ടുന്നുവെന്നാണ് ബസ് ഉടമകളുടെ അഭിപ്രായം. ഇക്കാര്യം ബസുടമകൾ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെ അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡീസലിന്റെ വില 14 രൂപയാണ് വർദ്ധിച്ചത്. അതിനിടെയാണ് നികുതി അടയ്‌ക്കാനുളള തീയതി ഈ മാസം 30ന് അവസാനിക്കുന്നത്. ഇത് കടുത്ത സാമ്പത്തിക ബാദ്ധ്യതയിലേക്കാണ് തങ്ങളെ തളളിവിടുന്നതെന്നാണ് സ്വകാര്യ ബസുടമകളുടെ പക്ഷം. എന്നാൽ നികുതിയുടെ കാര്യത്തിൽ തനിക്ക് തനിച്ച് തീരുമാനമെടുക്കാനാകില്ലെന്നാണ് ഗതാഗതമന്ത്രി സംഘടന നേതാക്കൾക്ക് നൽകിയിരിക്കുന്ന മറുപടി.
ഇന്ധനവില കുത്തനെ ഉയർന്നത് ബസ് വ്യവസായത്തിന് താങ്ങാനാകുന്നില്ലെന്ന കാര്യം ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ബസ് ചാർജ് കൂട്ടുന്ന കാര്യം സർക്കാർ ആലോചിക്കുന്നില്ലെന്നാണ് ഗതാഗതമന്ത്രി പറയുന്നത്.