Crime
വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ സ്പർശിച്ചാൽ ലൈംഗിക പീഡനമാകില്ലെന്ന് കോടതി

മുംബൈ: ചര്‍മം പരസ്പരം ചേരാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പോക്‌സോ ആക്ട് പ്രകാരം ‘ശരീരഭാഗങ്ങള്‍ പരസ്പരം (skin to skin contact) ചേരാതെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല ഉത്തരവില്‍ വ്യക്തമാക്കി. ജനുവരി 19നാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ഞായറാഴ്ചയാണ് ഇതിന്റെ വിശദാംശം പുറത്തുവന്നത്.
ഒരു സംഭവത്തെ പോക്‌സോ പ്രകാരം ലൈംഗിക പീഡനമായി കണക്കാക്കണമെങ്കില്‍ ലൈംഗിക ഉദ്ദേശത്തോടെ ചര്‍മവും ചര്‍മവും ചേര്‍ന്നുള്ള സ്പര്‍ശനം ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. പെണ്‍കുട്ടിയെ വസ്ത്രത്തിനു പുറത്തു കൈവച്ച് സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ല. 12 വയസ്സുകാരിയെ പീഡിപ്പിച്ചതിന് മുപ്പത്തിയൊന്‍പതുകാരനെ മൂന്നു വര്‍ഷത്തേക്കു ശിക്ഷിച്ച സെഷന്‍സ് കോടതി നടപടി തിരുത്തിയാണ് ഉത്തരവ്. സതീഷ് എന്ന വ്യക്തി 2016 ഡിസംബറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി.
നാഗ്പുരിലെ വീട്ടിലേക്ക് പെണ്‍കുട്ടിയെ പേരയ്ക്ക നല്‍കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍വച്ച് പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മേല്‍വസ്ത്രം മാറ്റാതെയാണ് മാറിടത്തില്‍ സ്പര്‍ശിച്ചത്. അതിനാല്‍ത്തന്നെ അതിനെ ലൈംഗിക ആക്രമണമായി കണക്കാക്കാനാകില്ല. മറിച്ച് ഐപിസി 354 വകുപ്പ് പ്രകാരം പെണ്‍കുട്ടിയുടെ അന്തസ്സിനെ ലംഘിച്ചതിനു പ്രതിക്കെതിരെ കേസെടുക്കാം. എന്നാല്‍ ഈ വകുപ്പ് പ്രകാരം കുറഞ്ഞത് ഒരു വര്‍ഷം മാത്രമാണു തടവുശിക്ഷ. പോക്‌സോ ആക്ട് പ്രകാരമാണെങ്കില്‍ കുറഞ്ഞത് 3 വര്‍ഷവും.
പോക്‌സോ ആക്ടും ഐപിസി 354ഉം ചേര്‍ത്താണ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. അതുപ്രകാരമുള്ള ശിക്ഷ തുടരുന്നതിനിടെയാണ് പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പോക്‌സോ പ്രകാരം പ്രതിയെ കുറ്റവിമുക്തനാക്കിയെങ്കിലും സെക്ഷന്‍ 354 പ്രകാരമുള്ള ശിക്ഷ നിലനില്‍ക്കും. പോക്‌സോ പ്രകാരം ശക്തമായ ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ വ്യക്തമായ തെളിവും ഗൗരവമേറിയ ആരോപണങ്ങളും കേസില്‍ അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ മേല്‍വസ്ത്രം മാറ്റിയോ, വസ്ത്രത്തിനകത്തേക്ക് കയ്യിട്ടോ, മാറിടത്തില്‍ നേരിട്ടു കൈകൊണ്ട് സ്പര്‍ശിച്ചോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ തെളിവോടെ ഉത്തരമില്ലെങ്കില്‍ കേസ് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഉത്തരവില്‍ പറയുന്നു.