KERALA
മന്ത്രിമാരെ അഭിസംബോധന ചെയ്യുമ്പോൾ ‘ബഹു’ ചേർക്കണമെന്ന നിർദ്ദേശത്തെ പരിഹസിച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ
കണ്ണൂർ: മന്ത്രിമാരെ അഭിസംബോധന ചെയ്യുമ്പോൾ ‘ബഹു’ ചേർക്കണമെന്ന നിർദ്ദേശത്തെ പരിഹസിച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ. മന്ത്രിയെ ‘ബഹു’ ചേർത്ത് വിളിച്ചില്ലെങ്കിൽ പൊലീസ് പിടിക്കും എന്ന് പത്മനാഭൻ പരിഹസിച്ചു.പൊലീസ് പിടിച്ചാൽ മർദ്ദിക്കും. അതിനാൽ ബഹുമാനമില്ലെങ്കിലും മന്ത്രിയെ അങ്ങനെ വിളിക്കുന്നു. കണ്ണൂരിൽ കോൺഗ്രസ് നേതൃത്വത്തിൽ രമേശ് ചെന്നിത്തല നയിച്ച വാക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പത്മനാഭൻ ‘
എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട പ്രസംഗത്തിലാണ് വിമർശനം. ബ്രൂവറിയെയും ടി. പത്മനാഭൻ വിമർശിച്ചു. ബ്രൂവറി അനുവദിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും പത്മനാഭൻ ആവശ്യപ്പെട്ടു.. മറ്റ് സംസ്ഥാനങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തിയ ഒരു കമ്പനിക്കാണ് ബ്രൂവറി നടത്താൻ സർക്കാർ അനുമതി നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രൂവറി സ്ഥാപിച്ചാൽ മറ്റ് ആവശ്യങ്ങൾക്കായി വെള്ളം കിട്ടാതെ വരും. “മറ്റേ കുടിക്ക് വെള്ളം കിട്ടുമെങ്കിലും മനുഷ്യന് കുടിക്കാൻ വെള്ളം കിട്ടില്ല” എന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ചില നയങ്ങൾക്കെതിരെ നേരത്തെയും ടി. പത്മനാഭൻ ശക്തമായി പ്രതികരിച്ചിരുന്നു
