HEALTH
രാജ്യത്തെ കോവിഡ് കേസുകളിൽ 70 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുo

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ 70 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. ജനിതക മാറ്റം വന്ന യുകെ കോവിഡ് വൈറസ് ഇതുവരെ 153 പേർക്ക് സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ 147 ജില്ലകളിൽ കഴിഞ്ഞ ഏഴു ദിവസമായി ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ചയായി 18 ജില്ലകൾ കോവിഡ് മുക്തമാണ്. കഴിഞ്ഞ 21 ദിവസമായി ആറു ജില്ലകളിലും കഴിഞ്ഞ 28 ദിവസമായി 21 ജില്ലകളിലും ഒരാൾക്ക് പോലും കോവിഡ് ബാധിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,666 പേർക്കാണ് രോഗം ബാധിച്ചത്. രാജ്യത്തെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 1,73,740 ആണ്. 24 മണിക്കൂറിനുള്ളിൽ 14,301 പേർ രോഗമുക്തരായി.
പുതിയതായി 123 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,53,847 ആയി. ഇതുവരെ 1,07,01,193 പേരാണ് രാജ്യത്താകെ കോവിഡ് പോസിറ്റീവ് ആയത്. രോഗം ഭേദമായവരുടെ ആകെ എണ്ണം 1,03,73,606 ആയി.