NATIONAL
അമിത് ഷാ ഇന്ന് ചെങ്കോട്ട സന്ദർശിക്കും

ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ട സന്ദർശിക്കും. റിപ്പബ്ലിക് ദിനത്തിലെ കർഷക റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാരെയും ആഭ്യന്തര മന്ത്രി ആശുപത്രിയിലെത്തി സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ അമിത് ഷാ വടക്കൻ ഡൽഹിയിലെ സിവിൽ ലൈനിലുള്ള സുശ്രുത് ട്രോമ സെന്റർ, തിരുത്ത് റാം ആശുപത്രി എന്നിവിടങ്ങളിലെത്തും. പരിക്കേറ്റ ഡൽഹി പോലീസുദ്യോഗസ്ഥരെ അവിടെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സംഘർഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നുള്ള കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം. “കർഷകരെ അപകീർത്തിപ്പെടുത്താൻ ചില സാമൂഹിക വിരുദ്ധരെ ചെങ്കോട്ടയിലേക്ക് മനഃപൂർവ്വം സർക്കാർ കടത്തിവിട്ടതാണ്. രഹസ്യാന്വേഷണ വിഭാഗത്തിനും പോലീസിനും ഗുരുതരമായ വീഴ്ച പറ്റി.” കോൺഗ്രസ് ആരോപിച്ചു.
ഇതിനിടെ, ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ പങ്കാളികളായവരെ എത്രയും വേഗം കണ്ടെത്തണമെന്ന് അമിത് ഷാ ഡൽഹി പോലീസിന് വീണ്ടും നിർദേശം നൽകി. ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദേശവും നൽകി.
ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡൽഹി പോലീസ് കമ്മീഷണർ എസ്.എൻ.ശ്രിവാസ്തവ, ഇന്റലിജൻസ് ബ്യൂറോ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കർഷക നേതാക്കളടക്കം അക്രമത്തിൽ പങ്കാളികളായ എല്ലാവർക്കെതിരെയും നപടി സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
സംഘർഷങ്ങൾക്ക് പിന്നാലെ ചൊവ്വാഴ്ചയും ആഭ്യന്തര മന്ത്രി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രമസമാധാന നിയന്ത്രണത്തിന് ഡൽഹി പോലീസിനെ സഹായിക്കാൻ 4500 അർദ്ധസൈനികരെ കൂടി വിന്യസിക്കാൻ തീരുമാനിച്ചത്.