KERALA
എന്‍.സി.പി ഇടതു മുന്നണിക്കൊപ്പം തന്നെ .മുന്നണി വിടുമെന്ന പ്രചരണങ്ങള്‍ തള്ളി പ്രഫുല്‍ പട്ടേല്‍

ന്യൂഡല്‍ഹി: എന്‍സിപി ഇടതു മുന്നണി വിടുമെന്ന പ്രചരണങ്ങള്‍ തള്ളി മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍. ഡല്‍ഹിയില്‍ കേരളഘടകം നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നാല് പതിറ്റാണ്ടായി എന്‍സിപി ഇടതു മുന്നണിക്കൊപ്പമാണ്. നാളെയും അങ്ങനെ തന്നെയായിരിക്കും. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് ചര്‍ച്ചകള്‍ക്കായി താന്‍ കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് മാസ്റ്ററും മാണി സി. കാപ്പല്‍ എംഎല്‍എയും ഉടക്കിനിന്ന പാലാ സീറ്റ് വിഷയത്തില്‍ സമയവായമായെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൂടി പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.
പാലാ ഉള്‍പ്പടെ മത്സരിക്കുന്ന നാല് സീറ്റ് വേണമെന്നാണ് എന്‍സിപിയുടെ നിലപാട്. എന്നാല്‍ കേരള കോണ്‍ഗ്രസ്-എമ്മിന്റെ വരവോടെ പാലാ വിട്ടുകൊടുക്കേണ്ടി വന്നാല്‍ പകരം ജയസാധ്യതയുള്ള മറ്റൊരു സീറ്റ് എന്ന നിലയിലേക്കും എന്‍സിപി നേതൃത്വം ആലോചിക്കുന്നുണ്ട്. കേരളത്തിലെത്തി പ്രഫുല്‍ പട്ടേല്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.