KERALA
രാഹുല്‍ ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും
കൊച്ചി: മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി എന്ന കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. സെഷന്‍സ് കോടതിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം, രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കേസ് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളാണ് രാഹുല്‍ നടത്തിയിരുന്നത്. എന്നാല്‍, സുപ്രീംകോടതിയുടെ പ്രത്യേക പരാമര്‍ശം കാരണമാണ് അതിന് സാധിച്ചിരുന്നില്ല. കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ നേരിട്ട് പരിഗണിച്ച് ജാമ്യം അനുവദിക്കുന്നത് ശരിയല്ല എന്നായിരുന്നു നേരത്തെ സുപ്രീംകോടതി പരാമര്‍ശിച്ചത്. ഇതിനുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ആദ്യം സെഷന്‍സ് കോടതികള്‍ പരിഗണക്കണം എന്ന് ഹൈക്കോടതി നിലപാടെടുത്തത്.
ഈ സാചര്യത്തിലാണ് രാഹുലിന് മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കേണ്ടിവന്നത്. നേരത്തേ തന്നെ ഹൈക്കോടതിയിലെ ഒരു പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായി രാഹുല്‍ കൂടിയാലോചന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള എല്ലാ കാര്യങ്ങളും രാഹുലുമായി അടുത്ത വൃത്തങ്ങള്‍ ചെയ്തുകഴിഞ്ഞതായാണ് വിവരം.
