Connect with us

HEALTH

ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത അദാലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം

Published

on


കണ്ണൂർ: ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത അദാലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം. സാമൂഹ്യ അകലം പാലിക്കാതെ നിരവധി പേരാണ് അദാലത്തില്‍ പങ്കെടുക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നത്.
വ്യാഴാഴ്ച തളിപ്പമ്പില്‍ നടക്കുന്ന അദാലത്തിലാണ് ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായത്. മാസ്‌ക് ധരിച്ചിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു പ്രോട്ടോക്കോളും പാലിക്കാതെയാണ് നൂറുകണക്കിനു പേര്‍ ഇവിടെ തടിച്ചുകൂടിയത്. പങ്കെടുക്കാനെത്തുന്നവര്‍ക്ക് കസേരകളിട്ട് സ്ഥലമൊരുക്കിയിരുന്നെങ്കിലും അതിനു പുറത്ത് ആള്‍ക്കാര്‍ കൂട്ടംകൂടി നില്‍ക്കുകയും തിക്കിത്തിരക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ ആരോഗ്യ മന്ത്രി ഉള്‍പ്പെടെ മൂന്നു മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പ്രായമുള്ളവരും കുട്ടികളും അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്നുണ്ട്. കൂടിനില്‍ക്കുന്നവരെയും തിക്കിത്തിരക്കുന്നവരെയും നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കിയിട്ടില്ലെന്നതും വിമര്‍ശനത്തിന് ഇടയാക്കുന്നു. സമാനമായ രീതിയില്‍ത്തന്നെയാണ് കഴിഞ്ഞ ദിവസം ഇരിട്ടിയിലും കണ്ണൂരിലും പരിപാടികള്‍ നടന്നത്.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കണ്ണൂരിലെത്തിയപ്പോള്‍ ജനക്കൂട്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പോലീസ് കേസെടുത്തിരുന്നു.

Continue Reading